റിയാദ്- സൗദി അറേബ്യയിലേക്ക് വരികയോ പോകുകയോ ചെയ്യുന്നവര്‍ കസ്റ്റംസില്‍ ഡിക്ലയര്‍ ചെയ്യേണ്ട സാധനങ്ങള്‍ എന്തൊക്കെയാണ്? പലരും ഉന്നയിക്കുന്ന ചോദ്യമാണിത്. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായി സക്കാത്ത്-നികുതി-കസ്റ്റംസ് വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ഇത്തരം കസ്റ്റംസിനെ മുന്‍കൂട്ടി അറിയിക്കേണ്ട സാധനങ്ങളില്‍ ആഭരണങ്ങള്‍, സിഗററ്റ്, സമ്മാനങ്ങള്‍, നിരോധിത വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. താഴെ പറയുന്നതാണ് പട്ടിക.
1. അറുപതിനായിരം റിയാലോ തുല്യമായ മറ്റ് കറന്‍സികളോ ഈ തുകക്ക് തുല്യമായ വാണിജ്യസാധ്യതയുള്ള വസ്തുക്കളോ ഡിക്ലയര്‍ ചെയ്യണം.
2. 3000 സൗദി റിയാലില്‍ അധികമായിട്ടുള്ള വ്യക്തിപരമായി വാങ്ങിയതോ ഉപഹാരമായി ലഭിച്ചതോ ആയ വസ്തുക്കള്‍
3. 60,000 റിയാലില്‍ അധികം മൂല്യമുള്ള സ്വര്‍ണം അടക്കമുള്ള വിലയേറിയ ലോഹങ്ങളുടെ ആഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍
4. സൗദി അറേബ്യയില്‍ നിരോധിച്ചിട്ടുള്ളതോ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടുള്ളതോ ആയ വസ്തുക്കള്‍.
5. 200 ല്‍ കൂടുതല്‍ സിഗററ്റ് അല്ലെങ്കില്‍ 20 ല്‍ കൂടുതല്‍ സിഗാറോ എക്‌സൈസ് നികുതിയടക്കേണ്ട മറ്റ് വസ്തുക്കളോ
6. വാണിജ്യാടിസ്ഥാനത്തില്‍ വലിയ അളവിലുള്ള സാധനസാമഗ്രികള്‍.
രേഖാമൂലമുള്ള അപേക്ഷയിലൂടെയോ വെബ്‌സൈറ്റിലൂടെയോ കസ്റ്റംസ് ഓഫീസ് മുഖാന്തിരമോ ഇക്കാര്യം ഡിക്ലയര്‍ ചെയ്യാമെന്നും അതോറിറ്റി അറിയിച്ചു.