ന്യൂദല്‍ഹി- പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന് സി.ബി.എസ.്ഇ, ഐ.സി.എസ.്ഇ ബോര്‍ഡുകള്‍ തയാറാക്കിയ മാര്‍ഗ രേഖ സുപ്രീം കോടതി അംഗീകരിച്ചു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പ്രകടനം കണക്കിലെടുത്താവും മൂല്യനിര്‍ണയം എന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി.
അതേസമയം വിദ്യാര്‍ഥിയുടെ ആറ് വര്‍ഷത്തെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും മൂല്യനിര്‍ണയം എന്ന് ഐ.സി.എസ്.ഇ കോടതിയെ അറിയിച്ചു. ജൂലൈ 31 നകം ഫലപ്രഖ്യാപനം നടത്തുമെന്നും ഇരു ബോര്‍ഡുകളും കോടതിയില്‍ വ്യക്തമാക്കി. മൂല്യനിര്‍ണയത്തെ സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സംവിധാനം വേണമെന്ന കോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷക്ക് 30 ശതമാനം വീതം വെയ്റ്റേജും 12 ാം ക്ലാസിലെ യൂണിറ്റ്, ടെം, പ്രീ ബോര്‍ഡ് പരീക്ഷകള്‍ക്ക് 40 ശതമാനം വെയിറ്റേജും നല്‍കുന്നതാണ് സി.ബി.എസ്.ഇ മുന്നോട്ട് വച്ച മാര്‍ഗ രേഖ.
പത്താം ക്ലാസിലെ അഞ്ച് പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരിയാണ് മൂല്യനിര്‍ണയത്തിനായി എടുക്കുക. പതിനൊന്നാം ക്ലാസിലെ വാര്‍ഷിക പരീക്ഷയിലെ മാര്‍ക്കാണ് മൂല്യനിര്‍ണയത്തിനായി കണക്കാക്കുന്നത്. ചില സ്‌കൂളുകള്‍ പ്രാക്ടിക്കല്‍ പരീക്ഷക്കും, ഇന്റേണല്‍ അസ്സസ്‌മെന്റിനും വലിയതോതില്‍ മാര്‍ക്ക് നല്‍കുന്ന പ്രവണത ഉണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഇത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ സ്‌കൂളുകളിലും അഞ്ച് പേര് അടങ്ങുന്ന റിസള്‍ട്ട് കമ്മിറ്റി ഉണ്ടാകും. ഇവര്‍ തയാറാക്കുന്ന മാര്‍ക്ക് സി.ബി.എസ്.ഇയുടെ മോഡറേഷന്‍ കമ്മിറ്റി പരിശോധിക്കും. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് മോഡറേഷന്‍ കമ്മിറ്റി അന്തിമ തീരുമാനം എടുക്കുക. അന്തിമ ഫലത്തില്‍ തൃപ്തിയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കോവിഡിന് ശേഷം നടത്തുന്ന പരീക്ഷ എഴുതാന്‍ അവസരം ഉണ്ടായിരിക്കും. ഈ സ്‌കീം പ്രകാരം ഉള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ എസ്സന്‍ഷ്യല്‍ റിപ്പീറ്റ് അഥവാ കംപാര്‍ട്മെന്റ് കാറ്റഗറി ആയി കണക്കാക്കും.