കൊച്ചി- ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി സെക്രട്ടറി നൗഷാദ് അലി നൽകിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. ഭരണപരിഷ്കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുരളി പുരുഷോത്തമൻ, എസ് വി ഭട്ടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പൊതുതാത്പര്യ ഹർജി തള്ളിയത്. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച് കരട് മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ മാത്രമേ തേടുന്നുള്ളൂ. ഈ ഘട്ടത്തിൽ ഹർജിയിൽ ഇടപെടാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടിയതിന് ശേഷം മാത്രമേ പൊതുവായ നടപടിയിലേക്ക് കടക്കുകയുള്ളൂ എന്നാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ അറിയിച്ചിരുന്നത്. ഇത് കോടതി മുഖവിലയ്ക്കെടുക്കുകയായിരുന്നു. ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന ഹർജിയിലെ വാദവും നടപടികൾ ദ്വീപിന്റെ പാരമ്പര്യ തനിമയ്ക്കെതിരാണെന്ന വാദവും കോടതി തള്ളി. ദ്വീപ് ഭരണകൂടം തയാറാക്കിയ കൊവിഡ് എസ്ഒപി (സ്റ്റാന്റേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ), താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറിഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം എന്നിവയ്ക്കെല്ലാം എതിരായി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.