അമരാവതി- മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് അംഗങ്ങളായ ആറു പേരെ ആന്ധ്ര പ്രദേശ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. വിശാഖപട്ടണം ജില്ലയിലെ ഒഡീഷ അതിര്‍ത്തിയിലെ വനമേഖലയിലാണ് പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയത്. മാവോയിസ്റ്റുകളുടെ ജില്ലാ കമ്മിറ്റി കമാന്‍ഡര്‍ സാന്‍ഡെ ഗംഗയ്യയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അഞ്ച് മാവോയിസ്റ്റുകളെ ഇതുവരെ തിരിച്ചറിഞ്ഞു. തീഗലമേട്ടയിലെ ഉള്‍വനത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മേഖലയില്‍ 30 മാവോയിസ്റ്റുകള്‍ ഒത്തുകൂടിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആന്ധ്ര പോലീസിലെ ഗ്രേഹൂണ്ട്‌സ് സേനയാണ് ഓപറേഷന്‍ നടത്തിയത്.
മാവോയിസ്റ്റുകള്‍ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് പോലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തത്. കീഴടങ്ങാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായി പോലീസ് വെടിവക്കുകയായിരുന്നുവെന്ന് പോലീസ് സുപ്രണ്ട് ബി കൃഷ്ണ റാവു പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ഒരു എകെ 47, മൂന്ന് റൈഫിളുകള്‍, നാടന്‍ തോക്ക് അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.