തിരുവനന്തപുരം- സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുന്നത് ഈ മാസം 28 ലേക്ക് മാറ്റി. പ്രാക്ടിക്കല്‍ പരീക്ഷക്ക് പരീശിലിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ചാണ് മാറ്റം. പരിശീലനത്തിന് ഈ മാസം 25 വരെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താം. വി.എച്ച്.എസ്.ഇ, എന്‍.എസ്.ക്യുഎഫ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 ന് തുടങ്ങും. സര്‍വ്വകലാശാല പരീക്ഷകള്‍ 28 മുതല്‍ തുടങ്ങാനാണ് തീരുമാനം.
ഡിജിറ്റല്‍ ക്ലാസുകള്‍ പര്യാപ്തമല്ലാത്തതും മതിയായ പ്രാക്ടിക്കല്‍ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷകള്‍ നിശ്ചയിച്ച തിയതിയില്‍നിന്നു 28ലേക്ക് മാറ്റിയത്. പരിശീലനത്തിനായി 25 ാം തിയതി വരെ സ്‌കൂളിലെത്താം. അതത് സ്‌കൂളുകളാണ് സാഹചര്യം നോക്കി ഈ സൗകര്യം ഒരുക്കേണ്ടത്.
വി.എച്ച്.എസ്.ഇ, എന്‍.എസ്.ക്യു.എഫ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ 21 ന് തുടങ്ങും. വിദ്യാര്‍ഥികളെ ബാച്ചുകളാക്കി തിരിച്ചാകും പ്രാക്ടിക്കല്‍ പരീക്ഷ. കോവിഡ് പോസിറ്റീവായവര്‍ക്ക് രോഗം ഭേദമായതിന് ശേഷം പ്രത്യേകം പരീക്ഷ നടത്തും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം മാറ്റിയിരുത്തണം. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകള്‍ക്ക് പരമാവധി ലാപ്ടോപ്പുകള്‍ എത്തിക്കണം. ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയും, കൈമാറി ഉപയോഗിക്കേണ്ട ഉപകരണങ്ങളുപയോഗിച്ച് ചെയ്യേണ്ടവ പരമാവധി കുറച്ചുമാണ് നിര്‍ദേശങ്ങള്‍.
ബോട്ടണിയില്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകള്‍ പരമാവധി ഒഴിവാക്കി സൂചനകള്‍ കണ്ട് ഉത്തരം നല്‍കുന്ന രീതിയിലായിരിക്കും പരീക്ഷ. കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവക്ക് വിദ്യാര്‍ഥികളെ ബാച്ചുകളാക്കി തിരിച്ചായിരിക്കും പരീക്ഷ. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും നിശ്ചിത തീയതിക്കകം പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.