ഗാസിയാബാദ്- യുപിയിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ച സംഭവത്തിനു പിന്നില്‍ ഫലമില്ലാത്ത ഏലസ്സ് വില്‍പ്പനയാണെന്ന പോലീസ് വാദം കുടുംബം തള്ളി. തങ്ങളുടെ കുടുംബത്തില്‍ ആരും എലസ്സ് വില്‍പ്പന നടത്തുന്നവര്‍ ഇല്ലെന്നും തങ്ങള്‍ കാര്‍പെന്റര്‍മാരാണെന്നും മര്‍ദനത്തിനിരയായ അബ്ദുല്‍ സമദ് സെയ്ഫിയുടെ മകന്‍ ബബ്‌ലു സെയ്ഫി പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. പോലീസ് പറയുന്നത് ശരിയായ കാര്യങ്ങളല്ലെന്നും അവര്‍ അന്വേഷിച്ച് തെളിയിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ആറിനാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പിതാവ് നേരത്തെ വിശദീകരിച്ചതുപോലെ നടന്ന സംഭവങ്ങളെല്ലാം പരാതിയില്‍ വിശദമായി നല്‍കിയിട്ടുണ്ട്. സംഭവ ദിവസം പിതാവിനെ ബലപ്രയോഗത്തിലൂടെയാണ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയതെന്നും നാലു മണിക്കൂറോളം മര്‍ദിച്ചെന്നും മകന്‍ പറയുന്നു. അടിക്കുകയും താടിവെട്ടിക്കളയുകയും ചെയ്‌തെങ്കിലും ജീവന്‍ ബാക്കിയാക്കി- അദ്ദേഹം പറയുന്നു.
സംഭവത്തില്‍ പോലീസ് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് വര്‍ഗീയതയുമായി ബന്ധമില്ലെന്നും വയോധികന്‍ വിറ്റ എലസ്സ് ഫലം ചെയ്യാത്തതിനെ തുടര്‍ന്നാണ് യുവാക്കള്‍ അദ്ദേഹത്തെ മര്‍ദിച്ചതെന്നും പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയോധികന്റെ വിഡിയോ വൈറലായിരുന്നു. തുടര്‍ന്ന് ട്വിറ്ററിനെതിരേയും ഇത് ട്വിറ്ററില്‍ പങ്കുവച്ച മുതിര്‍ന്ന മുസ്‌ലിം മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.