മഡ്രീഡ്- മാതാവിനെ കൊന്ന് ഭക്ഷിച്ച കേസില്‍ സ്‌പെയിന്‍കാരന് 15 വര്‍ഷം ജയില്‍ ശിക്ഷ. 2019 ല്‍ അറസ്റ്റിലായ ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമസിനാണ് (28) കോടതി ശിക്ഷ വിധിച്ചത്. പ്ലാസ്റ്റിക് കവറില്‍ മാതാവിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സഹിതമാണ് യുവാവ് പിടിയിലായിരുന്നത്. മാതാവിനെ കൊല്ലുന്ന സമയത്ത് തനിക്ക് മനോവിഭ്രാന്തിയായിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല.
കൊലപാതകത്തിന് 15 വര്‍ഷവും മൃതദേഹം വികൃതമാക്കിയതിന് അഞ്ച് മാസവും ജയില്‍ ശിക്ഷ അനുഭവിക്കണം. നഷ്ടപരിഹാരമായി സഹോദരന് 73000 ഡോളര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വയോധികയായ മരിയ സോലേഡാഡ് ഗോമസിനെ കാണാനില്ലെന്ന് സുഹൃത്ത് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് 2019 ഫെബ്രുവരില്‍ പോലീസ് കിഴക്കന്‍ മഡ്രീഡിലെ വീട്ടിലെത്തിയത്.
വാക്കുതര്‍ക്കത്തിനൊടുവിലാണ് അന്ന് 26 വയസ്സായിരുന്ന സാഞ്ചസ് മാതാവിനെ കൊലപ്പെടുത്തിയതെന്ന് വിചാരണയില്‍ വ്യക്തമായിരുന്നു. അടുത്ത രണ്ടാഴ്ചക്കാലം പ്രതി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ സ്വയം ഭക്ഷിക്കുകയും പട്ടിക്ക് നല്‍കുകയും ചെയ്തു.
മാതാവുമായുള്ള തര്‍ക്കങ്ങള്‍ കാരണം നേരത്തെ പോലീസ് വീട്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് സാഞ്ചസിനെ വിലക്കിയിരുന്നു. ഇത് ലംഘിച്ചാണ് വീട്ടിലെത്തി മാതാവിനെ കൊലപ്പെടുത്തിയത്.