വാഷിങ്ടൺ- സ്ഥിരതാമസാനുമതി (ഗ്രീൻ കാർഡ്) കാത്തു നിൽക്കുന്ന എച്ച് വൺ ബി വീസക്കാരുടെ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നിർദേശം അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ അഞ്ചു ലക്ഷത്തിലേറെ എൻജിനീയർമാരുടെ ഭാവി തുലാസിലാക്കിയിരിക്കുന്നു. ഇതു നടപ്പിലായാൽ എൻജിനീയർമാരുടെ ഒരു വൻപടയ്ക്ക് യുഎസ് വിട്ടു പോകേണ്ടി വരും. യുഎസിൽ എച് വൺ ബി വിസക്കാരിൽ 80 ശതമാനത്തോളം പേരും ഇന്ത്യക്കാരാണ്. ചൈനയാണ് തൊട്ടുപിറകെ രണ്ടാമത്. അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങൂ, അമേരിക്കക്കാർക്ക് ജോലി നൽകൂ എന്ന മുദ്രാവാക്യവുമായി ട്രംപ് അവതരിപ്പിച്ച അമേരിക്കൻവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് എച് വൺ ബി വീസ കാലാവധി നീട്ടി നൽകുന്നത് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
നിലവിലെ നിയമപ്രകാരം മൂന്ന് വർഷമാണ് വിദേശ ജോലിക്കാർക്ക് നൽകുന്ന എച് വൺ ബി വീസയുടെ കാലാവധി. ഇത് ഒരു തവണ കൂടി മൂന്ന് വർഷത്തേക്ക് നീട്ടാം. ഈ ആറു വർഷത്തിനിടെ സ്ഥിരതാമസാനുമതിക്ക് (പൗരത്വം നൽകുന്നതിന്റെ പ്രാഥമിക ഘട്ടമായ ഗ്രീൻ കാർഡ്) അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ഇതു തീർപ്പാക്കുന്നതു വരെ അനിശ്ചിത കാലത്തേക്ക് എച് വൺ ബി വീസ നീട്ടി നൽകും. ഗ്രീൻ കാർഡ് അപേക്ഷകരുടെ എണ്ണപ്പെരുപ്പം കാരണം ഇതിനു കാലതാമസം എടുക്കുന്നുണ്ട്. ഇന്ത്യക്കാരും ചൈനക്കാരുമാണ് അപേക്ഷകരിൽ ഏറെയും പേർ. ഇതുകാരണം 10 മുതൽ 12 വർഷം വരെ വീസാ കാലാവധി നീട്ടി ലഭിച്ച് ഇവിടെ കഴിയുന്നവരുണ്ട്. ഗ്രീൻ കാർഡ് അപേക്ഷകരാണെന്ന ഇളവ് മാത്രമാണ് ഇവർക്കുള്ളത്.
ഈ ഇളവ് നിർത്തലാക്കാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. പുതിയ നിർദേശ പ്രകാരം ഗ്രീൻ കാർഡിന് അപേക്ഷിച്ച എച്ച് വൺ ബി വീസക്കാരും ആറു വർഷം പൂർത്തിയായാൽ തിരിച്ചു പോകണം. അപേക്ഷ നടപടികൾ പൂർത്തിയാകുന്നതുവരെ യുഎസിൽ കാത്തിരിക്കാനാവില്ല. വിദഗ്ധ തൊഴിലാകളെ ആകർഷിക്കാനാണ് എച്ച് വൺ ബി വീസ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് കുടിയേറ്റത്തിനും പൗരത്വം സ്വീകരിക്കാനുമുള്ള എളുപ്പവഴിയായി ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇതുവഴി പതിനായിരക്കണക്കിന് ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കൻ പൗരൻമാരായി മാറിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, ഗൂഗ്ൾ മേധാവി സുന്ദർ പിചയ് തുടങ്ങിയ പ്രമുഖരെല്ലാം ഇതുവഴി അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരാണ്. ഇത് യുഎസിലെ ടെക്‌നോളജി വ്യവസായ മേഖലയക്ക് വലിയ സംഭാവനകളും സഹായങ്ങളും നൽകിയിട്ടുണ്ട്.
എന്നാൽ സ്വദേശികളായ ടെക്കികൾക്ക് രാജ്യത്ത് അവസരങ്ങളില്ലെന്നും എല്ലാം എച്ച് വൺ ബി വീസക്കാർ തട്ടിയെടുക്കുകയുമാണെന്ന വ്യാപക പ്രചാരണം അമേരിക്കൻ ടെക്കികൾ നടത്തുന്നുണ്ട്. 2016ലെ ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണ കാലത്തും ഇതൊരു വിഷയമായിരുന്നു. തുടർന്ന് ട്രംപ് അമേരിക്കക്കാർക്ക് അനുകൂലമായ വാഗ്ദാനമാണ് തെരഞ്ഞെടുപ്പു കാലത്ത് നൽകിയിരുന്നതും. മുൻ ഭരണകൂടങ്ങൾ ഫീസ് ഉയർത്തിയും മറ്റു നിയന്ത്രങ്ങൾ കടുപ്പിച്ചും എച് വൺ ബീ വീസക്കാരുടെ എണ്ണം കുറക്കാൻ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. എങ്കിലും മതിയായ വൈദഗ്ധ്യമുള്ള അമേരിക്കൻ ബിരുദധാരികളെ യുഎസ് ഐടി വ്യവസായരംഗത്ത് കിട്ടാനില്ലാത്തതിനാൽ എച്ച് വൺ ബീ വീസയുടെ ആവശ്യം ഉയർന്നു തന്നെ നിന്നു.