ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങള്‍ അനുസരിക്കാത്തതിന്റെ പേരില്‍ ട്വിറ്ററിനുള്ള നിയമ പരിരക്ഷ സര്‍ക്കാര്‍ ഒഴിവാക്കി. ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ അടക്കമുള്ളവരെ പ്രത്യേകം നിയമിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യുപിയിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെതിരെ ഉണ്ടായ വിദ്വേഷ ആക്രമണത്തിന്റെ വിഡിയോ ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഈ വിഡിയോയുടെ പേരില്‍ യുപി പോലീസ് ട്വിറ്ററിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മേയ് 25 മുതല്‍ പ്രാബല്യത്തിലായ പുതിയ ഐടി ചട്ടങ്ങള്‍ പൂര്‍ണമായും ട്വിറ്റര്‍ അനുസരിച്ചിട്ടില്ല. ഇതുകാരണമാണ് നിയമപരിരക്ഷ നഷ്ടമായതെന്ന് കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഗാസിയാബാദ് സംഭവത്തിന്റെ വിഡിയോ വ്യാജമാണെന്ന (മാനിപുലേറ്റഡ് മീഡിയ) രേഖപ്പെടുത്താത്തതിനാലും നിയമപരിരക്ഷ ഇല്ലാത്തതിനാലും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം പുതിയ ഐടി ചട്ടപ്രകാരം ചീഫ് കംപ്ലയന്‍സ് ഓഫീസറെ ട്വിറ്റര്‍ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. എന്നാല്‍ ഈ വിവരം ട്വിറ്റര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ഇത് ഐടി മന്ത്രാലയത്തെ ഉടന്‍ അറിയിക്കും. ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.