ഗാസിയാബാദ്- യുപിയിലെ ഗാസിയാബാദില്‍ മുസ് ലിം വയോധികനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്തരായ മുസ്‌ലിം മാധ്യമപ്രവര്‍ത്തകര്‍ക്കും ട്വിറ്ററിനും വാര്‍ത്താ പോര്‍ട്ടലായ ദി വയറിനുമെതിരെ കേസെടുത്തു. വര്‍ഗീയ വികാരം ഇളക്കി എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണ് ട്വിറ്ററിനെതിരായ ഈ കേസ്. അക്രമികള്‍ തന്നെ ഒരു മുറിയില്‍ ബന്ധിച്ച് മര്‍ദിക്കുകയും വന്ദേ മാതരം, ജയ്ശ്രീറാം എന്ന് നിര്‍ബന്ധിച്ച് വിളിപ്പിക്കുകയും താടി വെട്ടുകയും ചെയ്തതായി മര്‍ദനത്തിനിരയായ വയോധികന്‍ സൂഫി അബ്ദുല്‍ സമദ് ആരോപിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ പോലീസ് പറയുന്നത് സംഭവത്തിനു പിന്നില്‍ വര്‍ഗീയത അല്ലെന്നാണ്. മര്‍ദിച്ചവരില്‍ ഹിന്ദു, മുസ്ലിം വിഭാഗക്കാരുണ്ടെന്നും ഒരു ഏലസ്സിനെ ചൊല്ലിയാണ് മര്‍ദനമുണ്ടായതെന്നുമാണ് പോലീസ് പറയുന്നത്.
ഈ സംഭവത്തെ പരാമർശിച്ച് ട്വീറ്റ് ചെയ്ത പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ റാണ അയ്യൂബ്, സബ നഖ്‌വി, മുഹമ്മദ് സുബൈര്‍ എന്നിവരേയും പോലീസ് കേസിലുള്‍പ്പെടുത്തി. വിവിധ ഐപിസി വകുപ്പുകള്‍ ചാര്‍ത്തി രണ്ടു ദിവസം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.