Sorry, you need to enable JavaScript to visit this website.

പാസ്വാന്‍ പാര്‍ട്ടിയിലെ കലഹം ലൈംഗിക വിവാദത്തിലെത്തി

ചിരാഗ് പാസ്വാനും പ്രിന്‍സ് രാജും

പട്‌ന- ബീഹാറിലെ സമസ്തിപൂരില്‍ നിന്നുള്ള ലോക് ജനശക്തി പാര്‍ട്ടി എം.പി പ്രിന്‍സ് രാജ് ലൈംഗിക വിവാദത്തില്‍. പുറത്താക്കപ്പെട്ട എല്‍.ജെ.പി മേധാവി ചിരാഗ് പാസ്വാന്‍ വിവാദ കത്ത് പുറത്തുവിട്ടതിനെ തുടര്‍ന്നാണിത്. പ്രിന്‍സ് രാജ് പാര്‍ട്ടിയിലെ വനിതാ നേതാവുമായി അവിഹിത ബന്ധം പുലര്‍ത്തിയെന്നാണ് മാര്‍ച്ച് 29-ന് എഴുതിയകത്തില്‍ പറയുന്നത്.
പ്രിന്‍സ് രാജിന്റെ കസിന്‍ സഹോദരന്‍ കൂടിയാണ് ചിരാഗ് പാസ്വാന്‍. പാര്‍ട്ടി പ്രവര്‍ത്തക പിന്നീട് പ്രിന്‍സിനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ചിരാഗ് പറയുന്നത്.
ഇക്കാര്യ അറിഞ്ഞപ്പോള്‍ പ്രിന്‍സിനോട് പോലീസില്‍ പരാതി നല്‍കാനാണ് താന്‍ നിര്‍ദേശിച്ചതെന്നും ചിരാഗ് പാസ്വാന്‍ പറയുന്നു. കുടുംബത്തിലെ മൂപ്പനായ പശുപതി കുമാര്‍ പരസുമായി വിഷയം ചര്‍ച്ചചെയ്തുവെങ്കിലും  അദ്ദേഹം അത് ഗൗരവമായി എടുത്തില്ലെന്നും കത്തില്‍ പറയുന്നു.  
പ്രിന്‍സ് രാജ്  ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി ആരോപിച്ചിരുന്നു.
എല്‍ജെപി സ്ഥാപകനായ അന്തരിച്ച രാം വിലാസ് പാസ്വാന്റെ സഹോദരന്‍ അന്തരിച്ച രാം ചന്ദ്ര പാസ്വാന്റെ മകനാണ് പ്രിന്‍സ് രാജ്.
രാം ചന്ദ്ര പാസ്വാന്റെ മരണശേഷം പ്രിന്‍സ് സമസ്തിപൂരില്‍ നിന്ന്  മത്സരിച്ചു.
ചിരാഗ് പാസ്വാന്‍ പ്രിന്‍സിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
ചിരാഗ് പാസ്വാനെ ലോക്‌സഭയിലെ പാര്‍ട്ടി നേതൃ സ്ഥാനത്തുനിന്ന് അമ്മാവന്‍ പശുപതി കുമാര്‍ പരസ് സ്ഥാനഭ്രഷ്ടനാക്കിയതിന് ശേഷം തിങ്കളാഴ്ച മുതല്‍ എല്‍ജെപി വലിയ നാടകങ്ങള്‍ക്കാണ്   സാക്ഷ്യം വഹിച്ചത്.
പ്രിന്‍സ് രാജ് ഉള്‍പ്പെടെ ലോക്‌സഭയിലെ ആറ് എല്‍ജെപി എംപിമാരില്‍ അഞ്ചുപേര്‍ ചിരാഗ് പാസ്വാനെതിരെ രംഗത്തുവന്നു. 21 വര്‍ഷം പിതാവ് രൂപീകരിച്ച പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി.
പരസ്, പ്രിന്‍സ് രാജ് എന്നിവര്‍ക്കുപുറമെ മഹ്് മൂദ് അലി കൈസര്‍, വീണ ദേവി, ചന്ദന്‍ സിംഗ് എന്നിവരാണ്  വിമത എംപിമാര്‍.
ചൊവ്വാഴ്ച അഞ്ച് വിമത എംപിമാര്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ചിരാഗ് പാസ്വാനെ എല്‍ജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. താമസിയാതെ, ചിരാഗ് പാസ്വാന്‍ സമാന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച് അഞ്ച് വിമത എംപിമാരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കി.

 

Latest News