ന്യൂദല്‍ഹി- പുതുവത്സര ദിനത്തില്‍ ലണ്ടനില്‍നിന്ന് മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന്‍റെ കോക്ക്പിറ്റില്‍ അടിപിടികൂടിയ രണ്ടു മുതിര്‍ന്ന പൈലറ്റുമാരെ സസ്പെന്‍റ് ചെയ്തു. കമാന്‍ഡർ പൈലറ്റ് സഹ പൈലറ്റായിരുന്ന വനിതയെ അടിച്ചെന്നാണ് ആരോപണം.
അടിപിടി നടന്നയുടന്‍ കണ്ണീരുമായി വനിതാ പൈലറ്റ് കോക്ക്പിറ്റിനു പുറത്തു വന്നു. ജീവനക്കാര്‍ സമാധാനിപ്പിച്ച് തിരിച്ചയച്ചെങ്കിലും കോപാകുലയായി വനിതാ പൈലറ്റ് വീണ്ടും പുറത്തിറങ്ങി. ഇതു കണ്ട വിമാന ജീവനക്കാരും ആശങ്കയിലായി. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി വനിതാ പൈലറ്റിനെ അനുനയിപ്പിച്ച് വീണ്ടും കോക്ക്പിറ്റിലേക്ക് തിരിച്ചയക്കുകയായിരുന്നു.
ഇന്‍റർകോമിലൂടെ തിരിച്ചു വിളിച്ചെങ്കിലും വനിതാ പൈലറ്റ് അകത്തു കയറാന്‍ കൂട്ടാക്കിയിരുന്നില്ല. നിരന്തരം വിളിച്ചിട്ടും മറുപടി ഇല്ലാത്തതിനെ തുടര്‍ന്ന് പുരുഷ പൈലറ്റും കോക്ക്പിറ്റിനു പുറത്തിറങ്ങി വന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. വിമാനം പറന്നുകൊണ്ടിരിക്കെ രണ്ടു പൈലറ്റുമാരും കോക്ക്പിറ്റിനു പുറത്തിറങ്ങിയത് ഗുരുതര സുരക്ഷാ വീഴ്ചയാണ്.
വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ജെറ്റ് അധികൃതർ ഡിജിസിഎക്ക് റിപ്പോർട്ട് നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്താനും ഡിജിസിഎ ഉത്തരവിട്ടു. ഒമ്പതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലണ്ടന്‍-മുംബൈ സെക്ടറില്‍ 324 യാത്രക്കാരും 14 ജീവനക്കാരുമായി പറക്കുകയായിരുന്നു ജെറ്റ് എയര്‍വേയ്‌സ് 9W 119 വിമാനത്തിലായിരുന്നു സംഭവം.