കൊച്ചി- ലക്ഷദ്വീപിലെ വിവാദ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ദ്വീപിലെത്തിയിരിക്കുന്നത് വിവാദ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള വ്യക്തമായ അജണ്ടയോടെയാണെന്ന് സൂചന. വൈദ്യുതി സ്വകാര്യവല്‍ക്കരണം, സ്മാര്‍ട്ട്സിറ്റി നിര്‍മാണം, ടൂറിസം റിസോര്‍ട്ട് പദ്ധതി ഉള്‍പ്പെടെ ദ്വീപ് ജനതയെ ആശങ്കയിലാക്കിയ വിവാദ പദ്ധതികള്‍ പട്ടേലിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. കവരത്തി സെക്രട്ടറിയേറ്റ് ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ പ്രസിദ്ധീകരിച്ച അഡ്മിനിസ്ട്രേറ്ററുടെ പ്രോഗ്രാം അജണ്ടയിലാണ് ഇതേക്കുറിച്ച് സൂചനയുള്ളത്.
ജൂണ്‍ 17 നു നടക്കുന്ന സുപ്രധാന യോഗത്തിലെ അജണ്ട വൈദ്യുതിവകുപ്പിന്റെ സ്വകാര്യവല്‍ക്കരണമാണ്. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം വൈദ്യുത നിരക്ക് വര്‍ധിപ്പിക്കുമെന്നും ജീവനക്കാരുടെ തൊഴില്‍ പരിരക്ഷ ഇല്ലാതാക്കുമെന്നും ദ്വീപ് വാസികള്‍ ആശങ്കപ്പെടുന്നു. ഇതിനകം 1200 ഓളം താല്‍ക്കാലിക ജീവനക്കാരെയാണ് വിവിധ വകുപ്പുകളില്‍നിന്നു കൂട്ടമായി പിരിച്ചുവിട്ടിട്ടുള്ളത്. വൈദ്യുതി സ്വകാര്യവല്ക്കരണത്തോടെ കൂടുതല്‍ പേര്‍ക്ക് പുറത്തേക്കുള്ള വഴി തുറക്കപ്പെടുമെന്നാണ് ആശങ്ക.
കവരത്തി സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് ഈ സന്ദര്‍ശനത്തിലെ മറ്റൊരു പ്രധാന അജണ്ട. പാവപ്പെട്ട മത്സ്യബന്ധന തൊഴിലാളികളുടെ ഷെഡുകള്‍ ഇടിച്ച് തകര്‍ത്ത സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കാര്യത്തിലുള്ള തീരുമാനം ദ്വീപ് വാസികള്‍ ഉറ്റുനോക്കുകയാണ്. പുരാതനകാലം മുതല്ക്കേ മത്സ്യബന്ധന തൊഴിലാളികള്‍ അവരുടെ ബോട്ടുകള്‍ നങ്കൂരമിടുന്നതും ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതും കടല്‍കരയോട് ചേര്‍ന്നുളള 'ഫാണ്ട്യാല'കളിലും ഷെഡുകളിലുമാണ്. തീരദേശ നിയന്ത്രണ മേഖല നിയമത്തില്‍ ജസ്റ്റിസ് രവീന്ദ്രന് കമ്മിറ്റി മത്സ്യത്തൊഴിലാളികളുടെ ഉപജീവന സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുള്ളതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് അഡ്മിനിസ്ട്രേറ്റര്‍ ഉപജീവനം പോലും താറുമാറാക്കുന്ന തരത്തില്‍ ഷെഡുകള്‍ മുന്നറിയിപ്പില്ലാതെ രാത്രി പൊളിച്ചുമാറ്റിയത്. സ്മാര്‍ട്ട് സിറ്റിയുടെ പേരുപറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ മറ്റൊരിടത്തേക്ക് പറിച്ചുനടുന്നത് അവരുടെ സ്വാഭാവിക ജീവിതരീതികളെയും ഉപജീവനമാര്‍ഗത്തെയും ബാധിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ചൂണ്ടിക്കാട്ടുന്നു.
ബംഗാരം ദ്വീപിലെ പരിസ്ഥിതിസൗഹൃദ ടൂറിസം പദ്ധതിയാണ് അജണ്ടയിലുള്ള മറ്റൊരു ഇനം. ചില തല്പര കക്ഷികള്‍ക്ക് വേണ്ടി കേന്ദ്രം നേരിട്ട് നടപ്പിലാക്കുന്ന ഗൂഢപദ്ധതിയാണിതെന്ന് ആക്ഷേപമുണ്ട്. പദ്ധതി സുപ്രീംകോടതി ഉത്തരവ് പ്രകാരം നിര്‍ണ്ണയിച്ച പ്രത്യേക കമ്മിറ്റിയുടെയും സുപ്രീംകോടതിയുടെ തന്നെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ ആരോപിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹട്ടുകള്‍ നിര്‍മ്മിക്കാന്‍ ജര്‍മ്മന്‍ പൗരനായ റോളണ്ട് മൊസ്ലെ ഇവിടെ എത്തിയതും വിസ കാലാവധി കഴിഞ്ഞിട്ടും പ്രത്യേകം ഇളവിന്റെ ആനുകൂല്യത്തില്‍ ബംഗാരത്ത് തങ്ങിയതും വിവാദമായതാണ്. മോഡി മന്ത്രിസഭയിലെ പ്രമുഖന്റെ മകന്റെ താല്പര്യമാണ് ഇതെന്നാണ് ആരോപണം. ജര്‍മന്‍ പൗരനെതിരെ നടപടിയെടുക്കണമെന്ന് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.
കവരത്തി ദ്വീപിലെ ഹെലിബേസ് വികസനമാണ് മറ്റൊരു വിവാദ പദ്ധതി. ഇതിനായി തൊട്ടടുത്തുള്ള ഇന്ത്യ റിസര്‍വ് സേന അംഗങ്ങളുടെ ഹൗസിംഗ് കോളനി തകര്‍ക്കേണ്ടിവരുമെന്നും അത് ആലോചനയിലുണ്ടെന്നും ദ്വീപ് വാസികള്‍ പറയുന്നു. മുന്‍ ഭരണകൂടം കോടികള്‍ ചെലവഴിച്ച് അടുത്ത കാലത്താണ് ഇവ നിര്‍മ്മിച്ചത്. മിനിക്കോയ്, കവരത്തി ദ്വീപുകളിലെ സ്കൂളുകളുടെ സ്വകാര്യവല്ക്കരണവിനും അഡ്മിനിസ്ട്രേറ്ററുടെ അജണ്ടയിലുണ്ട്.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയപരിപാടികള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത കരിദിനാചരണം ലക്ഷദ്വീപ് ജനത ഏറ്റെടുത്തു. പോലീസ് ഭീഷണി കണക്കിലെടുക്കാതെ ദ്വീപുവാസികള്‍ സ്വന്തം വീടുകള്‍ സമരവേദിയാക്കി. കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്കും ധരിച്ച് കരിങ്കൊടികളുയര്ത്തിയും പ്രതിഷേധ ജ്വാല തെളിയിച്ചും അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും അവര്‍ പ്രതിഷേധിച്ചു. വീടുകള്‍ക്ക് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുന്നവരെ കേസില്‍ കുടുക്കാനുള്ള നീക്കവുമായി പോലീസ് രംഗത്തുണ്ടായിരുന്നു. കരിങ്കൊടിയുയര്ത്തുന്നവരുടെ വീഡിയോ പോലീസ് പകര്‍ത്തി. പോലീസിന്റെ വ്യാപക പട്രോളിംഗും ദ്വീപുകളിലാകെ നടന്നു.