ചെന്നൈ- താന്‍ ഉടന്‍ തിരിച്ചെത്തി പാര്‍ട്ടിയെ ശരിയായ രീതിയിലാക്കുമെന്ന് പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് വി.കെ ശശികലയുടെ ശബ്ദരേഖ. നേരത്തെ ശശികലയോട് സംസാരിച്ച പാര്‍ട്ടി വക്താവടക്കം 15 പേരെ പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശശികലയുടെ വോയ്‌സ് വീണ്ടും പുറത്തു വന്നത്. 'മറ്റു തെരഞ്ഞെടുപ്പുകളും അടുത്തുവരുന്നു. നമുക്ക് ജയിച്ച് ജയലളിതയുടെ പൈതൃകം സംരക്ഷിക്കണം. നാം പ്രതിപക്ഷത്തായിരിക്കുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ പുറത്താക്കപ്പെടുന്നത് വേദനിപ്പിക്കുന്നതാണ്' ശബ്ദരേഖയില്‍ ശശികല പറയുന്നു. 'എനിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടിയെ ശരിയായ രീതിയിലാക്കന്‍ എനിക്കു കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം തീര്‍ച്ചയായും അമ്മയുടെ ഭരണം കൊണ്ടുവരും. ഞാന്‍ ഉടന്‍ നിങ്ങളെ എല്ലാം കാണൂം,' ശശികല പറഞ്ഞു.
ശശികലയോട് സംസാരിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് വക്താവ് പുകഴേന്തി അടക്കം 15 പേരെ പുറത്താക്കിയതായി അണ്ണാ ഡിഎംകെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവരെല്ലാം ഈയിടെ ശശികലയുമായി ഫോണില്‍ സംസാരിച്ചവരാണ്. കഴിഞ്ഞ മാസം ശശികല അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുമായി ഫോണില്‍ സംസാരിച്ച ശബ്ദരേഖ വ്യാപകമായി പ്രചരിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ കഴിഞ്ഞ ജയില്‍ മോചിതയായി തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു ഇത്. മുതിര്‍ന്ന നേതാവ് ഒ. പനീര്‍ശെല്‍വം ശശികലയുമായി കൈകോര്‍ക്കുന്നതു സംബന്ധിച്ച് പുകഴേന്തി സംസാരിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംഎല്‍എമാരാണ് രംഗത്തു വന്നത്. കോവിഡ് അവസാനിച്ചാല്‍ താന്‍ തിരിച്ചുവരുമെന്നും ധൈര്യമായിരിക്കൂവെന്നും നേരത്തെ പുറത്തു വന്ന ഒരു വോയ്‌സ് ക്ലിപ്പില്‍ ശശികല പാര്‍ട്ടി അണികളോട് പറഞ്ഞിരുന്നു.