ന്യൂദൽഹി- ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ ഇന്നു വീണ്ടും രാജ്യസഭയുടെ പരിഗണനക്കെത്തുമെന്ന് കുരുതുന്നു. ബിൽ പരിഗണിക്കുന്നതിനായി സർക്കാരും സെലക്‌ട് കമ്മിറ്റിക്കു വിടുന്നതിനായി പ്രതിപക്ഷവും രാജ്യസഭയിൽ ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചെങ്കിലും ബഹളം മൂലം തുടർനടപടികൾ സാധ്യമായിരുന്നില്ല. മഹാരാഷ്‌ട്രയിലെ ദളിത് പ്രക്ഷോഭം സംബന്ധിച്ച ബഹളത്തിൽ നടപടികൾ തടസ്സപ്പെട്ടതിനാൽ ഉച്ചയ്ക്കുശേഷമാണു മുത്തലാഖ് ബിൽ പരിഗണക്കെടുത്തത്.
നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെ, കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമയും തൃണമൂൽ കോൺഗ്രസിലെ സുഖേന്ദു ശേഖർ റോയിയും ബിൽ സെലക്‌ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയം അവതരിപ്പിച്ചു.
ഭരണ, പ്രതിപക്ഷ ധാരണ സാധ്യമായില്ലെങ്കിൽ മുത്തലാഖ് ബിൽ പ്രതിസന്ധിയിലാകും. സെലക്ട് കമ്മിറ്റി സംബന്ധിച്ച പ്രമേയങ്ങൾ നിലനിൽക്കുമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്.