കൊല്‍ക്കത്ത- ബംഗാളില്‍ ബിജെപിക്കു പുതുതായി കിട്ടിയ നേതാക്കള്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചു പോകുന്നത് തടയാന്‍ ബിജെപിക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിളിച്ചു ചേര്‍ത്ത 74 ബിജെപി എംഎല്‍എമാരുടെ യോഗത്തിന് 24 എംഎല്‍എമാര്‍ എത്തിയില്ല. ഇവരും തിരിച്ച് തൃണമൂലിലേക്കു പോകുമെന്നാണ് സൂചന. എംഎല്‍എമാരേയും കൂട്ടി ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ കണ്ട് ബംഗാളിലെ അനിഷ്ടസംഭവങ്ങള്‍ അറിയിക്കുകയും ചര്‍ച്ച നടത്തുകയുമായിരുന്നു പദ്ധതി. എന്നാല്‍ ഗവര്‍ണറെ കണ്ട സംഘത്തില്‍ നിന്ന് 24 എംഎല്‍എമാര്‍ വിട്ടു നില്‍ക്കുകയായിരുന്നു.
ആറു മാസം മുമ്പ് തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദുന്റെ നേതൃത്വം എല്ലാ എംഎല്‍എമാരും അംഗീകരിക്കുന്നില്ലെന്ന വാദത്തിന് പിന്‍ബലമേകുന്ന സംഭവമാണിത്. സുവേന്ദു പല തൃണമൂല്‍ നേതാക്കളേയും തന്നോടൊപ്പം ബിജെപിയിലേക്ക് കൂട്ടുകയും നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ തോല്‍പ്പിക്കുകയും ചെയ്തതോടെ ബിജെപിയില്‍ പ്രമുഖനായി മാറുകയായിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ പാര്‍ട്ടി പ്രതിപക്ഷ നേതാവാക്കുകയും ചെയ്തു. പിന്നീട് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത പ്രകൃതിദുരന്ത വിശകലന യോഗത്തില്‍ കീഴ്‌വഴക്കത്തിനു വിരുദ്ധമായി സുവേന്ദുവിനേയും ക്ഷണിച്ചിരുന്നു.
നിരവധി ബിജെപി എംഎല്‍എമാര്‍ക്ക് സുവേന്ദുവിന്റെ നേതൃത്വത്തില്‍ മുറുമുറുപ്പുണ്ടെന്നും പലരും തൃണമൂലുമായി ബന്ധപ്പെട്ടു വരികയാണെന്നും റിപോര്‍ട്ടുണ്ട്. മുകുള്‍ റോയിയും മകനും ബിജെപി വിട്ട് തിരികെ തൃണമൂലില്‍ തന്നെ എത്തിയതോടെ കൂടുതല്‍ പേര്‍ തിരിച്ചുവരാനൊരുങ്ങുകയാണ്. ഒരു പ്രശ്‌നവുമില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ കളംമാറുന്നവര്‍ക്കെതിരെ കൂറുമാറ്റം തടയല്‍ നിയമ പ്രകാരം നടപടി എടുക്കുമെന്ന് സുവേന്ദു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.