നാഗ്പൂര്‍- അതിവേഗതയില്‍ ഓടുന്നതിനിടെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച കാര്‍ നെടുകെ പിളര്‍ന്ന് മൂന്ന് യാത്രക്കാര്‍ കൊല്ലപ്പെട്ടു. ഛിന്ദ്വാര-നാഗ്പൂര്‍ ഹൈവേയില്‍ വെള്ളിയാഴ്ചയാണ് അപകടം. ഈ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചെങ്കിലും കിയ സെല്‍റ്റോസ് കാര്‍ നെടുകെ പിളര്‍ന്നതാണ് സമൂഹ മാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയായത്. അതിവേഗത്തില്‍ ഓടി വരുന്നതിനിടെ വശത്തു നിന്നും കയറി വന്ന സ്‌കൂട്ടറിനെ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാറിന്റെ ഇടതു വശം പാലത്തിന്റെ കൈവരിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ നെടുകെ പിളര്‍ന്ന് പിന്നിലെ സീറ്റിലുണ്ടായിരുന്ന മൂന്ന് പേരും മരിച്ചു. ഡ്രൈവറും മുന്നിലെ സഹയാത്രികനും പരിക്കുകളോടെ രക്ഷപ്പെട്ടു. പിളര്‍ന്ന കാറിന്റ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പലരിലും ഇത് കൗതുകമുണ്ടാക്കി. സാധാരണ ഇത്തരമൊരു ഇടിയിലൊന്നും കാര്‍ നെടുകെ പിളരാനുള്ള സാധ്യത വളരെ കുറവാണെന്നതാണ് കാരണം. അമിത വേഗത കാരണം കാറിലെ ഇലക്ട്രോണിക് സുരക്ഷാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതും പിളരാനിടയാക്കിയതെന്നും കാര്‍ദേഖോ ഡോട്ട് കോം റിപോര്‍ട്ട് ചെയ്യുന്നു.