രക്തം നൽകൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ എന്ന സുപ്രധാനായ പ്രമേയം ചർച്ചക്ക് വെച്ചുകൊണ്ടാണ് ഈ വർഷം ലോക രക്തദാന ദിനം ആചരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം എല്ലാ വർഷവും ജൂൺ പതിനാലിനാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്. എ. ബി. ഒ. ബ്‌ളഡ് ഗ്രൂപ്പിംഗ് സിസ്റ്റം കണ്ടുപിടിച്ച് നൊബേൽ സമ്മാനം നേടിയ കാൾ ലാന്റ്‌സ്റ്റെയിനറുടെ ജന്മദിനമാണ് ജൂൺ 14. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനുമായാണ് ഈ ദിനം കൊണ്ടാടുന്നത്.
രക്തം ദാനം ചെയ്യുകയും കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ അഭിനന്ദിക്കുകയും അവരോട് നന്ദി പറയുകയും ചെയ്യുക, ജീവൻ രക്ഷിക്കാൻ ആവശ്യമുള്ളിടത്തെല്ലാം സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത വർധിപ്പിക്കേണ്ട അടിയന്തര ആവശ്യകതയെക്കുറിച്ച് വിശാലമായ അവബോധം വളർത്തുക, സുരക്ഷിതമായി രക്തം കയറ്റുന്നതിനുള്ള സംവിധാനം ലോകത്തെമ്പാടും ഉണ്ടാവേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും എല്ലാവവർക്കും ആരോഗ്യമെന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം അനായാസമാക്കുകയും ചെയ്യുക. ദേശീയ രക്ത പരിപാടികളിൽ നിക്ഷേപം നടത്താനും ശക്തിപ്പെടുത്താനും നിലനിർത്താനും സർക്കാരുകൾക്കും വികസന പങ്കാളികൾക്കുമിടയിൽ ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ പിന്തുണ സമാഹരിക്കുക മുതലായവയാണ് ലോക രക്തദാന ദിന പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങൾ. ലോകാരോഗ്യ സംഘടന, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് റെഡ്‌ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ്, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണേഴ്‌സ് ഓർഗനൈസേഷൻസ്, ഇന്റർനാഷനൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ സഹകരിച്ചാണ് ഈ ദിനം ജനകീയമാക്കുന്നത്.
രക്തദാനം വർഷം തോറും ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് രക്ഷിക്കുന്നത്. ജീവിതത്തിന്റെ നിലനിൽപിന് ഭീഷണിയായ പല സന്നിഗ്ധ ഘട്ടങ്ങളിലും രക്തദാനം ജീവൻ രക്ഷിക്കുകയും കൂടുതൽ കാലം ജീവിക്കുവാൻ സഹായിക്കുകയും ചെയ്യും. പക്ഷേ പല രാജ്യങ്ങളിലും ആവശ്യത്തിന് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ രക്തം ലഭ്യമല്ല എന്ന കണക്കുകളാണ് പുറത്തുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് രക്തദാന ദിനാചരണം ഏറെ പ്രസക്തമാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 60 ശതമാനത്തോളം രാജ്യങ്ങളിലാണ് സന്നദ്ധ പ്രവർത്തകരിൽ നിന്നും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ രക്തം ലഭിക്കുന്നത്. ബാക്കി 40 ശതമാനം രാജ്യങ്ങളും ബന്ധുക്കളെയോ രക്തദാനം തൊഴിലാക്കിയവരെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ അവസ്ഥക്ക് മാറ്റം വരുത്തുകയും എല്ലാ രാജ്യങ്ങളിലും സൗജന്യമായ രക്തദാന സംവിധാനങ്ങൾ വ്യാപകമാക്കുകയുമാണ് ലോകാരോഗ്യ സംഘടന ഉദ്ദേശിക്കുന്നത്.
കോവിഡ് മഹാമാരിയുടെ കാലത്ത് രക്തദാനത്തിന് പ്രാധാന്യമേറെയാണ് . സുരക്ഷിതമായ രക്തം ലഭ്യമാക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയുയർത്തുന്നതിനാൽ സാധ്യമാകുന്നവരൊക്കെ ഗവൺമെന്റിന്റെ ബ്ളഡ് ബാങ്കിലേക്ക് സൗകര്യമനുസരിച്ച് രക്തം നൽകുന്നത് ഏറെ പ്രയോജനകരമാകും.
ആധുനിക ലോകത്ത് വർധിച്ച വേഗത്തിലാണ് മനുഷ്യൻ സഞ്ചരിക്കുന്നത്. റോഡുകളും വാഹനങ്ങളും നിർമാണ മേഖലകളുമൊക്കെ തിരക്കുപിടിച്ച പ്രവർത്തനങ്ങളുടെ ഭാഗമാകുമ്പോൾ അപകടങ്ങളുടെ തോത് ഗണ്യമായി കൂടുകയാണ്. ലോകാരോഗ്യ സംഘടനയുടെ ചില കണക്കുകളുസരിച്ച് അപകടം സംഭവിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന പത്ത് ശതമാനം പേർക്കെങ്കിലും രക്തം വേണ്ടിവരും. വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സർജറികൾക്കും രക്തം അനിവാര്യമാകും. സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത കുറെ ജീവനുകൾ രക്ഷിക്കുവാൻ അത്യാവശ്യമാകുമെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. നാമോരോരുത്തരും രക്തം കൊടുക്കാൻ തയാറാകുമ്പോഴാണ് സുരക്ഷിതമായ രക്തം ആശുപത്രികളുടെ രക്തബാങ്കുകളിൽ ലഭ്യമാകുന്നത്.
രക്തദാനം ജീവദാനം മാത്രമല്ല, മനുഷ്യ മനസ്സിലും സമൂഹത്തിലും ഏറെ ചലനങ്ങളുണ്ടാക്കുന്ന ഒരു പുണ്യകർമമാണത്. നാം ഒരാൾക്ക് രക്തം നൽകുമ്പോൾ എന്തു വിലകൊടുത്തും സ്വന്തം സഹോദരന്റെ ജീവൻ രക്ഷിക്കാനുള്ള ഒരു മനഃസ്ഥിതി നമ്മിൽ വളരുന്നു. ഇത് മനസ്സിലെ സ്വാർഥതയെ സംഹരിച്ച് പരാർഥതയെ പരിപോഷിപ്പിക്കുന്നു.
ദാതാവും സ്വീകർത്താവും തമ്മിൽ രക്തദാന സംരംഭങ്ങളുടെ വൈപുല്ല്യമനുസരിച്ച് സമൂഹത്തിലെ വിവിധ അംഗങ്ങൾ തമ്മിൽ ഗാഢവും സുദൃഢവുമായ ബന്ധം സ്ഥാപിക്കുവാൻ രക്ത ദാനത്തിന് കഴിയും. ആധുനിക സമൂഹത്തെ പിടികൂടിയിരിക്കുന്ന ഒറ്റപ്പെട്ടുപോവാനുളള പ്രവണതക്കെതിരെയുള്ള ശക്തമായ സമരമാണ് രക്തദാന സംരംഭങ്ങളിലൂടെ വളർന്നുവരുന്നത്.
രക്തദാനം തൊഴിലാക്കിയ എത്രയോ പേരെ നമ്മുടെ നാട്ടിൽ നമുക്ക് കാണാൻ കഴിയും. ജീവന്റെ ജീവജലമായ രക്തത്തിന് പോലും ആവശ്യത്തിന്റെ തോതനുസരിച്ചും ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലും വില നിശ്ചയിക്കുന്ന നീചമായ ഈ സംസ്‌കാരം വളരാനനുവദിച്ചുകൂടാ. ഇതിനെതിരെ ജനമനസ്സ് ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. പക്ഷേ ഇതിനെതെിരെ ശരിയായ നടപടി സ്വീകരിക്കാൻ കഴിയണമെങ്കിൽ രക്തദാനത്തിന് സന്നദ്ധമാകുന്ന ഒരു തലമുറ വളർന്നു വരണം. 18 വയസ്സിന് മേൽ പ്രായവും 45 കിലോയിൽ കുറയാത്ത തൂക്കവുമുള്ള പുരുഷന് മൂന്ന് മാസത്തിലൊരിക്കലും സ്ത്രീക്ക് നാലു മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യുന്നതുകൊണ്ട് യാതൊരു തകരാറുമുണ്ടാവില്ല. അതിനാൽ ഒരിക്കലെങ്കിലും രക്തം ദാനം ചെയ്യാൻ നാമോരോരുത്തരും തയാറായാൽ സമൂഹത്തിലെ രക്തകമ്മി അനായസമായി പരിഹരിക്കാം.