Sorry, you need to enable JavaScript to visit this website.

രാജേഷിന്റെ കാക്കിക്കുള്ളിലുണ്ട്, കരുണ നിറഞ്ഞൊരു ഹൃദയം

കണ്ണൂര്‍- പോലീസ് ജോലിയും ജീവകാരുണ്യ പ്രവര്‍ത്തനവും ഒത്തുപോകുമോ. പോകുമെന്ന്  തെളിയിച്ച ഒരു പോലീസ് ഓഫീസറെ പരിചയപ്പെടാം.
കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പറശ്ശിനിക്കടവ് തളിയില്‍ സ്വദേശി എ. രാജേഷ് (46) ഈ കോവിഡ് കാലത്തും തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിശ്രമവും നല്‍കിയിട്ടില്ല.

വിവിധ പ്രദേശങ്ങളില്‍ നിര്‍ധനരായ 11 പേര്‍ക്കു വീട് നിര്‍മിച്ചു നല്‍കി. വീടിന്റെ നിര്‍മാണ ജോലി മുതല്‍ ഗൃഹപ്രവേശം വരെ വീട്ടുകാരുടെ കൂടെയുണ്ടാകും. കോവിഡ് മഹാമാരി തുടങ്ങിയതോടെ ജില്ലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, പാലിയേറ്റീവ് ചികിത്സ തേടുന്നവര്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ക്കു മരുന്നും ഭക്ഷണവും എത്തിച്ചു നല്‍കി. വഴിയോരങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന 20 പേരെ സാന്ത്വന കേന്ദ്രങ്ങളുടെ തണലിലെത്തിച്ചു. 2700 കുട്ടികള്‍ക്കു സൗജന്യ നീന്തല്‍ പരിശീലനം നല്‍കി.

2003 ല്‍ പോലീസ് സേനയില്‍ എത്തിയതോടെയാണു ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. 2020 ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ ഇദ്ദേഹത്തെ തേടിയെത്തി. 4 വര്‍ഷം മുമ്പ് ചെറുകുന്ന് വെള്ളറങ്ങലില്‍ ആരംഭന്‍ മേഴ്‌സിക്കു വീട് നിര്‍മിച്ചു നല്‍കാനും പെണ്‍കുട്ടിയുടെ വിവാഹം നടത്താനും മുന്നില്‍ നിന്നു. അഴീക്കോട് ഗ്രീഷ്മയ്ക്ക് ഒരു സ്‌നേഹവീട് എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി.

പെരളശ്ശേരി, അലവില്‍, ഇരിണാവ്, കണ്ണപുരം എന്നിവിടങ്ങളിലുള്ളവര്‍ക്ക് വിവിധ സാമൂഹിക സംഘടനകളുടെ സഹായവും സേവനവും ഉപയോഗപ്പെടുത്തി വീട് നിര്‍മിച്ചു നല്‍കി. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാ കമ്മിറ്റി, ധര്‍മശാല കെഎപി മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കമ്മിറ്റി, വെല്‍വിഷേഴ്‌സ് കണ്ണൂര്‍ തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ പരിയാരം പഞ്ചായത്ത് ജീവനക്കാരി കെ.വി.മിനി. മക്കള്‍ നിരഞ്ജന്‍, ശ്രീരഞ്ജന്‍.

 

 

Latest News