ഗുവാഹത്തി- അസമിലെ തിന്‍സുകിയയില്‍ കന്നു കാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊര്‍ജോംഗ ഗ്രാമത്തില്‍ 34കാരന്‍ ശരത് മൊറന്‍ ആണ് മരിച്ചത്. കൊര്‍ദോയ് സ്വദേശിയായ ശരത് കൊര്‍ജോംഗയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു. കാലി മോഷണം ആരോപിച്ച് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി വസ്ത്രമുരിഞ്ഞ് തെരുവിലിട്ട് ശരതിനെ മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ശരതിനെ അക്രമികളില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിക്കുയും ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തി വൈകാതെ മരിച്ചു.
12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ശരതിന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു മാസത്തിനിടെ കൊര്‍ജോംഗ ഗ്രാമത്തില്‍ നിരവധി കാലി മോഷണ സംഭവങ്ങള്‍ നടന്നതായും പോലീസ് പറയുന്നു.