ന്യദല്‍ഹി- 2024ല്‍ നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ എത്തുലേറുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ സന്ദര്‍ശിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്. ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കുള്ള നന്ദി അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. 'ആര്‍ക്ക് ആരുമായി വേണമെങ്കിലും കൂടിക്കാഴ്ച നടത്താം, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല. പ്രതിപക്ഷത്തിനോ ഭരണകക്ഷിക്കോ അവരവരുടെ നിലവാരം അനുസരിച്ച് വിവിധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാകും. എന്ത് തന്ത്രം ആവിഷ്‌കരിച്ചാലും ഒന്നേ പറയാനുളളു, മോഡിജി ഇന്നിവിടെയുണ്ട് 2024ലും ഉണ്ടാകും. 2024ലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കും'ഫഡ്‌നാവിസ് പ്രതികരിച്ചു.