കൊല്‍ക്കത്ത- ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടേയും അണികളുടേയും തിരിച്ചൊഴുക്ക് ശക്തമായി വരുന്നതിനിടെ ബിജെപിയെ പിന്തുണച്ചത് അബദ്ധമായെന്നും മാപ്പു നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകരുടെ ജാഥ. ഭീര്‍ഭും ജില്ലയിലെ ലഭ്പൂര്‍, ബോല്‍പൂര്‍, സയ്ന്തിയ എന്നിവിടങ്ങളിലും ഹൂഗ്ലി ജില്ലയിലെ ധനിയഖാലിയിലും നിരവധി ബിജെപി പ്രവര്‍ത്തകരാണ് ജനങ്ങളോട് ക്ഷമാപണവുമായി തെരുവുകളില്‍ ജാഥ നടത്തിയത്. ലൈഡ് സ്പീക്കര്‍ വച്ചുകെട്ടി റിക്ഷകളിലായിരുന്നു ജാഥ. തങ്ങള്‍ ബിജെപി തെറ്റിദ്ധരിച്ചുവെന്ന് ഇവര്‍ പരസ്യമായി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഈ ജാഥകള്‍ നടത്തിയതെന്നാണ് ബിജെപിയുടെ പ്രതികരണം. പലയിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചാണ് ബിജെപി അണികള്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് ക്ഷമാപണം നടത്തുന്നത്.
ബിജെപി ഒരു തട്ടിപ്പു പാര്‍ട്ടിയാണ്. അവര്‍ ഞങ്ങളെ വശീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പകരമായി മറ്റൊരാളും ഇല്ല. ഞങ്ങള്‍ക്ക് അവരുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമാകണം- എന്നായിരുന്നു ബോല്‍പൂരിലെ 18ാം വാര്‍ഡില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തിലെ അനൗണ്‍സ്‌മെന്റ്. ബിജെപിയെ തെറ്റിദ്ധരിച്ചുവെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും ബിജെപി പ്രവര്‍ത്തകനായ മുകുള്‍ മണ്ഡല്‍ പറഞ്ഞു. സയ്ന്തിയയില്‍ 300 ബിജെപി അണികളാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് തപസ് സാഹയും ഇക്കൂട്ടത്തിലുണ്ട്.
2017ല്‍ തൃണമൂല്‍ വിട്ട ഉന്നത നേതാവ് മുകുള്‍ റോയി ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാനം ഉപേക്ഷിച്ച് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതോടെ ബിജെപിയിലെ മുന്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ തിരിച്ചുവരവ് ശക്തമായിരിക്കുകയാണ്. തൃണമൂല്‍ വിട്ട് ബിജെപിയിലേക്കു പോയ മുന്‍ മന്ത്രി രാജീവ് ബാനര്‍ജി ഇതിനിടെ തൃണമൂല്‍ നേതാക്കളെ കണ്ടു. ഉടന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായ ദോംപൂരില്‍ മത്സരിച്ച രാജീവ് തോറ്റിരുന്നു. ഈയിടെ ബിജെപിയെ വിമര്‍ശിച്ച രാജീവ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് അഭ്യൂഹം ശക്തമായത്.
എന്നാല്‍ തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷിനെ കണ്ടത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് രാജീവ് പറയുന്നു. രോഗികളായ തന്റെ ബന്ധുക്കളെ കാണാനാണ് നോര്‍ത്ത് കൊല്‍ക്കത്തയില്‍ എത്തിയതെന്നും അപ്പോള്‍ അടുത്തുള്ള സുഹൃത്തും മുതിര്‍ന്ന സഹോദരുമായ കുനാലിനെ കാണുകയായിരുന്നുവെന്നുമാണ് രാജീവ് പ്രതികരിച്ചത്.