ന്യൂദല്‍ഹി- കോവിഡ് മഹാമാരിയെ തടയാന്‍ ലോക രാജ്യങ്ങള്‍ ഒന്നിക്കണമെന്നും വാക്‌സിന്‍ ഉല്‍പ്പാദനം ത്വരിതപ്പെടുത്താന്‍ പാറ്റന്റ് ഇളവുകള്‍ അനുവദിക്കണമെന്നും ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോഡി ജി7 രാഷ്ട്രത്തലവന്‍മാരെ അഭിസംബോധന ചെയ്തത്. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച സെഷനിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. കോവിഡ് അനുബന്ധ സാങ്കേതികവിദ്യകളുടേയും മരുന്നുകളുടേയും പേറ്റന്റുകളില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടനയ്ക്കു സമര്‍പ്പിച്ച നിര്‍ദേശത്തെ പിന്തുണയ്ക്കണമെന്നും മോഡി ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വ്യാപാരവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം.
ആഗോളതലത്തില്‍ ആരോഗ്യരംഗം മെച്ചപ്പെടുത്താനുള്ള കൂട്ടായ എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയും പ്രതിബദ്ധതയും പ്രധാനമന്ത്രി അറിയിച്ചു.
ബ്രിട്ടന്‍, കാനഡ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന് ബ്രിട്ടന്റെ ക്ഷണം സ്വീകരിച്ചാണ് അതിഥി രാജ്യങ്ങളായി ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ബ്രിട്ടനിലെ കോണ്‍വെലില്‍ ജൂണ്‍ 11ന് ആരംഭിച്ച ഉച്ചകോടി ഞായറാഴ്ച സമാപിക്കും. കോവിഡ് മഹാമാരി തുടങ്ങിയ ശേഷം ആദ്യമായാണ് ജി7 ഉച്ചകോടി നടക്കുന്നത്.