കൊച്ചി- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ദ്വീപ് സന്ദര്‍ശനം കരിദിനമായി ആചാരിക്കാന്‍ ആഹ്വാനം ചെയ്ത് സേവ് ലക്ഷദ്വീപ് ഫോറം. വീട്ടുമുറ്റത്ത് കറുത്ത കൊടി ഉയര്‍ത്താനും ഈ ദിവസം കറുത്ത മാസ്‌ക് ധരിക്കാനും ആഹ്വാനമുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം യോഗമാണ് ആണ് കടുത്ത സമര പരിപാടികളിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപുകളില്‍ തങ്ങുന്ന ഏഴു ദിവസവും പ്രതിഷേധ പരിപാടികള്‍ ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും സമരം. നേരത്തെ നടന്ന നിരാഹാര സമരം പോലെ വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡുകളും പിടിച്ച് ആയിരിക്കും ദ്വീപു നിവാസികള്‍ സമരത്തില്‍ പങ്കെടുക്കുക. എല്ലാവരോടും കറുത്ത മാസ്‌ക് ധരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട് . വീട്ടുമുറ്റങ്ങളില്‍ കരിങ്കൊടി ഉയര്‍ത്താനും പറഞ്ഞിട്ടുണ്ട് . അതേസമയം പൊതുനിരത്തുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ സമരവേദിയായി തെരഞ്ഞെടുക്കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
അഡ്മിനിസ്‌ട്രേറ്ററുടെ പൊതു പരിപാടികള്‍ ജനപ്രതിനിധികള്‍ ബഹിഷ്‌കരിക്കും. ദ്വീപുകളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ തങ്ങുന്ന ദിവസങ്ങളില്‍ വിവിധ വികസനപദ്ധതികള്‍ അടക്കം അവലോകനം ചെയ്യുന്നുണ്ട്. വിവിധ ദ്വീപുകളില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പദ്ധതി പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും . ഈ സ്ഥലങ്ങളിലെല്ലാം പദ്ധതികളുമായി ബന്ധപ്പെട്ട ജനപ്രതിനിധികള്‍ അടക്കം പങ്കെടുക്കേണ്ടതുണ്ട്. ഇവരോട് ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ആണ് സേവ് ലക്ഷദ്വീപ് ഫോറം ആവശ്യപ്പെടുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ എത്തുന്ന ദിവസം രാത്രി 9 ന് ദ്വീപുകളിലെ എല്ലാ വീടുകളിലും വിളക്കണച്ചു മെഴുകുതിരി തെളിയിക്കും.പ്ലേറ്റില്‍ ചിരട്ട കൊട്ടി പട്ടേല്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം മുഴക്കാനും ആഹ്വാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരം നടത്തുകയെന്നും ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്.