സിറിയയില്‍ ആശുപത്രിക്കു നേരെ ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്- വടക്കന്‍ സിറിയയിലെ അഫ്രിനില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിക്കും നേര്‍ക്കും താമസമേഖലയിലുമാണ് ആക്രമണം ഉണ്ടായത്. രണ്ടു മെഡിക്കല്‍ സ്റ്റാഫിനുള്‍പ്പെടെ 27 പേര്‍ക്ക് പരിക്കേറ്റു. ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന്കിടക്കുന്ന പ്രദേശമാണ് അഫ്രിന്‍. സിറിയന്‍ സര്‍ക്കാര്‍ സേനയും കുര്‍ദിഷ് സേനയും വിന്യസിക്കപ്പെട്ട മേഖലയില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമല്ല. സിറിയന്‍ കുര്‍ദിഷ് ഗ്രൂപ്പുകളാണ് പിന്നിലെന്ന് സമീപ തുര്‍ക്കി പ്രവിശ്യയായ ഹതായ് ഗവര്‍ണര്‍ പറഞ്ഞു. ഈ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. 

പ്രദേശത്തെ കുര്‍ദിഷ് വിമത പോരാളികളേയും നിരവധി കുര്‍ദിഷ് വംശജരേയും ഇവിടെ നിന്ന് ആട്ടിയോടിച്ച സൈനിക ഓപറേഷനിലൂടെ 2018ല്‍ തുര്‍ക്കി സേനയും സിറിയന്‍ പോരാളികളും അഫ്രിന്‍ നിയന്ത്രണ പിടിച്ചെടുത്തിരുന്നു. ഇവിടത്തെ കുര്‍ദിഷ് വിതമരെ ഭീകരരായാണ് തുര്‍ക്കി വിശേഷിപ്പിക്കുന്നത്.
 

Latest News