Sorry, you need to enable JavaScript to visit this website.

എയർ ഇന്ത്യ ഇനി എത്രനാൾ?, പണം നൽകി ഇനിയും താങ്ങരുതെന്ന് നിതി ആയോഗ്

ന്യുദൽഹി- കടത്തിൽ മുങ്ങിയ എയർ ഇന്ത്യയെ സാമ്പത്തികമായി ഇനിയും പിന്തുണയ്ക്കുന്നത് താങ്ങാവുന്ന ചെലവല്ലെന്ന് നിതി ആയോഗ് അറിയിച്ചതായി കേന്ദ്ര സർക്കാർ. 51,890 കോടി രൂപയുടെ കടമാണ് എയർ ഇന്ത്യയുടെ ബാധ്യത. പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യയെ കരകയറ്റാൻ മുൻ യു.പി.എ സർക്കാർ തുടങ്ങി വച്ച പദ്ധതി പ്രകാരം 10 വർഷം കൊണ്ട് 30,231 കോടി രൂപയുടെ സഹായം സർക്കാരിൽ നിന്ന് കമ്പനിക്ക് ലഭിക്കേണ്ടതാണ്. 2012 മുതലാണ് ഈ സാമ്പത്തിക സഹായ വിതരണം തുടങ്ങിയത്. അഞ്ചു വർഷം പിന്നിട്ടപ്പോഴേക്കും ഈ ചെലവ് താങ്ങുന്നത് ഭൂഷണമല്ലെന്നാണ് നിതി ആയോഗ് കേന്ദ്ര സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

'മത്സരം നടക്കുന്ന വ്യോമയാന മേഖലയിൽ മുൻഗണന നൽകേണ്ടതില്ലാത്ത ഒരു കമ്പനിയെ സർക്കാരിന്റെ പരിമിതമായ സാമ്പത്തിക വിഭവങ്ങൾ ഉപയോഗിച്ച് പിന്താങ്ങുന്നത് ഇനിയും തുടരുന്നത് താങ്ങാവുന്നതല്ല,'

എന്നാണ് എയർ ഇന്ത്യ സംബന്ധിച്ച നിതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നത്. ചൊവ്വാഴ്ച രാജ്യസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണ് ഇതു പറഞ്ഞത്.

കഴിഞ്ഞ വർഷം സെപതംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വിമാനം വാങ്ങിയ വായ്പാ ഇനത്തിൽ 18,364 കോടിയും പ്രവർത്തന മൂലധന വായ്പാ ഇനത്തിൽ 33,526 കോടി രൂപയുമാണ് എയർ ഇന്ത്യയുടെ കടബാധ്യത. യുപിഎ സർക്കാർ തുടങ്ങി വച്ച സാമ്പത്തിക സഹായ പദ്ധതി പ്രകാരം ഇതുവരെ 26,000 കോടി രൂപ എയർ ഇന്ത്യയ്ക്കു നൽകി. ഈ വർഷം ജൂണിൽ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിച്ച് സ്വകാര്യവൽക്കരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഏതൊക്കെ രീതിയിലായിരിക്കണം ഈ ഓഹരി വിൽ്പ്പന എന്നും കടബാധ്യത ആരു വഹിക്കണം എന്നതു ബന്ധിച്ചും മന്ത്രി തല സമിതി പഠനം നടത്തി വരികയാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ മൂന്ന് അനുബന്ധ കമ്പനികളെ എന്തു ചെയ്യണമെന്നകാര്യത്തിലും ഈ സിമിതി നിർദേശം നൽകും.
 

Latest News