ബംഗളൂരു- നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയത് 290 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ നേതാവ് മലയാളിയാണെന്ന് കര്‍ണാടക പോലീസ്. മൊബൈല്‍ ആപ്പ് വഴി കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒമ്പത് പേരില്‍ രണ്ട് ചൈനക്കാരും ഉള്‍പ്പെടുന്നു. ചൈനീസ് ഹവാല ഇടപാടുകാരുമായി അടുത്ത ബന്ധമുള്ള മലയാളി അനസ് അഹ്്മദാണ് സംഘത്തിന്റെ നേതാവെന്ന് കര്‍ണാടക പോലീസിലെ സൈബര്‍ ക്രൈം ഡിവിഷന്‍ (സി.ഐ.ഡി) വ്യക്തമാക്കി.
ചൈനക്കാര്‍ക്കു പുറമെ, അറസ്റ്റിലായവരില്‍ കമ്പനി ഡയരക്ടര്‍മാരായി വിശേഷിപ്പിച്ച രണ്ടു തിബത്തുകാരും ഉള്‍പ്പെടുന്നു. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ പവര്‍ ബാങ്ക് എന്ന ആപ്പ് മുഖേനയാണ് ആളുകള്‍ പണം നിക്ഷേപിച്ചത്. തങ്ങളുടെ പേയ്‌മെന്റ് സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് റേസര്‍ പേ നല്‍കിയ പരാതിയാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചത്.
കേരളത്തിലെ ബിസിനസുകാരനാണ് അനസ് അഹ്്മദെന്നും ചൈനയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇയാള്‍ ചൈനക്കാരിയെയാണ് വിവാഹം ചെയ്തതെന്നും കര്‍ണാടക പോലീസ് വെളിപ്പെടുത്തി.