ലണ്ടന്‍- ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവച്ച ബ്രിട്ടനിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ പുനരാരംഭിച്ചു. റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടനടി പുനരാരംഭിക്കാമെന്ന് എന്‍.എച്ച്.എസ് ഇംഗ്ലണ്ട് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നര്‍ദേശം നല്‍കി. ഇതോടെ അവസാന നിമിഷം മുടങ്ങിപ്പോയ പലരുടെയും യാത്രകളും പാതിവഴി മുടങ്ങിയ ആപ്ലിക്കേഷന്‍ പ്രോസസിംഗുമെല്ലാം പുനരാരംഭിക്കാന്‍ അടുത്തയാഴ്ച മുതല്‍ ഏജന്‍സികള്‍ നടപടി തുടങ്ങും.
ഇന്ത്യയുടെ ആരോഗ്യമേഖല അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ അവിടെനിന്നും ആരോഗ്യമേഖലയിലെ പ്രൊഫഷനലുകളെ, പ്രത്യേകിച്ച് നഴ്‌സുമാരെ വിദേശത്തേക്ക് റിക്രൂട്ട്‌ചെയ്തു കൊണ്ടുപോരുന്നത് ശരിയല്ലാത്തതിനാലാണ് റിക്രൂട്ട്‌മെന്റികള്‍ നടപടികള്‍ മരവിപ്പിക്കാന്‍ കാരണം.
വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യ ബ്രിട്ടന്റെ റെഡ് ലിസ്റ്റിലായതിനാല്‍ ബ്രിട്ടനിലേക്കുള്ള വരവ് മുന്‍കാലങ്ങളിലേപ്പോലെ അത്ര സുഗമമാവില്ല. ബ്രിട്ടനിലേക്കുള്ള വിമാന ലഭ്യതയാണ് മറ്റൊരു പ്രായോഗിക തടസമായി മുന്നിലുള്ളത്. ആഴ്ചയില്‍ 15 വിമാന സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍നിന്നും ബ്രിട്ടനിലേക്കുള്ളത്.