ശ്രീനഗർ- അഞ്ചു ജവാൻമാർ കൊല്ലപ്പെട്ട ജമ്മുകശ്മീരീലെ പുൽവാമ ജില്ലയിലെ സി.ആർ.പി.എഫ് ക്യാമ്പിനു നേർക്കുണ്ടായ ഭീകരാക്രണത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആക്രമണ സാധ്യത സംബന്ധിച്ച വ്യക്തമായ രഹസ്യ വിവരങ്ങൾ സൈന്യത്തിന് ജമ്മുകശ്മീർ പോലീസ് കൈമാറിയിരുന്നതായി വെളിപ്പെടുത്തൽ. ലെത്‌പോറയിലെ സി.ആർ.പി.എഫ് ക്യാമ്പിനു നേർക്ക് പെട്ടെന്ന് ആക്രമണമുണ്ടാകാനിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കശ്മീർ റേഞ്ച് ഐ.ജി മുനീർ ഖാൻ ശ്രീനഗറിലെ സി.ആർ.പി.എഫ് മേധാവി രവിദീപ് സാഹിക്ക് രഹസ്യ വിവരം കൈമാറിയിരുന്നതായി ജമ്മുകശ്മീർ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ 2:15 ഓടെയാണ് സൈനിക ക്യാമ്പിനു നേർക്ക് പൊടുന്നനെ ഭീകരാക്രമണമുണ്ടായത്. അഞ്ച് ജവാന്മാർ കൊല്ലപ്പെടുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ക്യാമ്പിലേക്ക് അതിക്രമിച്ചു കയറിയ രണ്ടു ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളേയും സൈന്യം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
ജയ്‌ഷെ മുഹമ്മദ് ഭീകര സംഘം ലെത്‌പോറയിലെ സൈനിക ക്യാമ്പ് ആക്രമിക്കാൻ ഒരുങ്ങുന്നതായി ഇന്റലിജൻസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിക്കാണ് ഭീകരർ ആക്രമണം ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ഒരു മണിക്കൂറിനു ശേഷമാണ് ആക്രമണം ഉണ്ടായത്. മുന്നറിയിപ്പ് ലഭിച്ചിരുന്നതായി സി.ആർ.പി.എഫ് സ്ഥിരീകരിച്ചു. ഇതുപ്രകാരം തയാറെടുപ്പുകൾ നടത്തിയതു മൂലമാണ് രണ്ട് ഭീകരരേയും വധിക്കാൻ സാധിച്ചതെന്നും സി.ആർ.പി.എഫ് മേധാവി ആർ.ആർ ഭട്‌നഗർ പറഞ്ഞു. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആന്റ് അനാലിസിസ് വിംഗും(റോ) സി.ആർ.പി.എഫിനു മുന്നറിയിപ്പു നൽകിയിരുന്നു. ശ്രീനഗറിലെ രണ്ട് സി.ആർ.പി.എഫ് ഐ.ജിമാരുടെ വീടുകൾ ജയ്‌ഷെ മുഹമ്മദ് ഭീകരർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു റോയുടെ മുന്നറിയിപ്പ്.
സി.ആർ.പി.എഫിലേക്ക് പുതുതായി എടുക്കുന്ന ജവാൻമാരെ പരിശീലിപ്പിക്കുന്ന ലത്‌പോറയിലെ 131 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. സി.ആർ.പി.എഫിന്റെ 185 ബറ്റാലിയൻ ആസ്ഥാനവും ഇവിടെയാണ്. നാലര കിലോമീറ്ററാണ് ചുറ്റളവ്. ഇവിടെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായിട്ടില്ല. കമ്പിവേലി കൊണ്ടാണ് അതിർത്തി വേർത്തിരിച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഇല്ല.