Sorry, you need to enable JavaScript to visit this website.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടന നീളുന്നു

കണ്ണൂർ- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ (കിയാൽ) ഡയറക്ടർ ബോർഡ് പുനഃസംഘടന നീളുന്നു. മാനേജിംഗ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞ് മൂന്നു മാസം പിന്നിടുകയും, പുതിയ സർക്കാർ അധികാരമേൽക്കുകയും ചെയ്തുവെങ്കിലും ഇതുവരെ തുടർ നടപടികളായില്ല. കിയാൽ എം.ഡിയായിരുന്ന വി. തുളസീദാസ് സ്ഥാനമെഴിയുകയും, പുതിയ എം.ഡിയായി ഡോ. വി. വേണു ചുമതലയേൽക്കുകയും ചെയ്തിട്ട് മൂന്നു മാസം പിന്നിട്ടു. സംസ്ഥാന മന്ത്രിമാരെന്ന നിലയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ എന്നിവർ പുതിയ മന്ത്രിസഭ ചുമതലയേറ്റതോടെ മന്ത്രിമാർ അല്ലാതായി. ഡയറക്ടർ ബോർഡ് അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ പുതിയ മന്ത്രിസഭയിലും ഉണ്ട്. സാധാരണ നിലയിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെ മൂന്നിലൊന്ന് പേരെയാണ് സർക്കാർ നിശ്ചയിക്കുക. കിയാലിലെ നിക്ഷേപകരുടെ പ്രതിനിധികളാണ് ഡയറക്ടർ ബോർഡിലുള്ള മറ്റ് അംഗങ്ങൾ. ഡയറക്ടർ ബോർഡിൽ എയർപോർട്ട് അതോറിറ്റിയുടെ രണ്ട് പ്രതിനിധികളും, ബി.പി.സി.എല്ലിന്റെ ഒരു പ്രതിനിധിയും ഉൾപ്പെടും. ഇവർക്ക് പുറമെ പ്രവാസി വ്യവസായികളായ എം.എ. യൂസഫലി, ഡോ. ഷംസീർ വയലിൽ, അബ്ദുൽ ഖാദർ തെരുവോത്ത്, ഡോ. എം.പി. ഹസ്സൻ കുഞ്ഞി എന്നിവർ ഡയറക്ടർമാരും, എം. മാധവൻ നമ്പ്യാർ, കെ. പാർവതി അമ്മാൾ എന്നിവർ സ്വതന്ത്ര ഡയറക്ടർമാരുമാണ്. എം.എ. യൂസഫലി അടക്കമുള്ള ഓഹരി ഉടമകൾ ആജീവനാന്ത ഡയറക്ടർമാരാണ്.


പുതിയ ഡയറക്ടർ ബോർഡിൽ മുഖ്യമന്ത്രിക്ക് പുറമെ, കണ്ണൂരിൽ നിന്നുള്ള മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, വിമാനത്താവളത്തിന്റെ പ്രവർത്തനവും വികസനവുമായി ബന്ധപ്പെട്ട ധനം, റവന്യൂ, വനം, ഗതാഗത വകുപ്പു മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ആന്റണി രാജു എന്നിവരും ഉൾപ്പെടുമെന്നാണ് കരുതുന്നത്. സ്വതന്ത്ര ഡയറക്ടർമാരായി മാധവൻ നമ്പ്യാർ, പാർവതി അമ്മാൾ എന്നിവർ തുടരണമോ എന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനമെടുക്കുക.
നിലവിൽ കണ്ണൂർ വിമാനത്താവളം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപനംമൂലം വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയത് ഇരട്ട പ്രഹരമായി. കാർഗോ സർവീസ് സജീവമാവുകയും, വിദേശ വിമാന സർവീസുകൾക്ക് അനുമതി ലഭിക്കുകയും ചെയ്താൽ മാത്രമേ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാനാവൂ. കടബാധ്യതകൾക്ക് രണ്ട് വർഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ച ബാങ്കിംഗ് കൺസോർഷ്യത്തിന്റെ നടപടിയാണ് ഏക ആശ്വാസം.


 

Latest News