കണ്ണൂർ- മെമ്പർഷിപ്പില്ലെങ്കിലും താനുമൊരു കോൺഗ്രസുകാരനാണെന്ന് കഥയുടെ കുലപതി ടി. പത്മനാഭൻ. ചുമതലയേൽക്കും മുമ്പ് തന്നെ വന്ന് കണ്ട നിയുക്ത കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരനോടാണ് പത്മനാഭൻ ഇത് പറഞ്ഞത്.
ചെറുപ്പം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിച്ചു വന്നയാളാണ് താൻ. അന്ന് ഗാന്ധിജിയുടെ കോൺഗ്രസാണ്. ഗാന്ധിജി കോൺഗ്രസിൽ അംഗത്വമില്ല. കോൺഗ്രസ് വിശ്വാസം തുടർന്നു വന്നു. കോൺഗ്രസിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്. പ്രായാധിക്യമുള്ളവരെ മാറ്റി നിർത്തി ഊർജ്വസ്വലരായ ചെറുപ്പക്കാരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം. ചാനൽ ചർച്ചകളിൽ വരുന്ന രാഹുൽ മാങ്കൂട്ടത്തിനെപ്പോലുള്ള യുവാക്കളെ ഉയർത്തിക്കൊണ്ടു വരണം. തെറ്റുകൾ കണ്ടാൽ അതിനെ ശക്തിയുക്തം എതിർക്കുകയും തിരുത്തി മുന്നോട്ടു പോകുകയും വേണം -പത്മനാഭൻ സുധാകരനെ ഉപദേശിച്ചു.
ഇന്നലെ ഉച്ചയോടെ പള്ളിക്കുന്നിലെ വീട്ടിലെത്തിയാണ് ടി. പത്മനാഭനെ സുധാകരൻ കണ്ടത്. കൂടിക്കാഴ്ച മുക്കാൽ മണിക്കൂറിലേറെ നീണ്ടു.
നല്ല രാഷ്ട്രീയ ജ്ഞാനമുള്ളയാളാണ് ടി. പത്മനാഭനെന്നും, അദ്ദേഹവുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്നും കൂടിക്കാഴ്ചക്കു ശേഷം സുധാകരൻ പറഞ്ഞു. ഒരു പ്രതിസന്ധി കാലത്താണ് കെ.പി.സി.സി പ്രസിഡന്റ് പദമേറ്റെടുക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വ്യക്തിത്വങ്ങളുമായി ആശയസംവാദം നടത്തി അവരുടെ അഭിപ്രായ നിർദേശങ്ങൾ കേൾക്കുകയാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ, മൺമറഞ്ഞ കോൺഗ്രസ് നേതാക്കളായ പി. ഗോപാലൻ, കെ.പി. നൂറുദ്ദീൻ, എൻ. രാമകൃഷ്ണൻ, കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ വീടുകളിലുമെത്തി സുധാരകരൻ കുടുംബാംഗങ്ങളിൽ നിന്നും അനുഗ്രഹം തേടി. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവരും സുധാകരനൊപ്പം ഉണ്ടായിരുന്നു.