Sorry, you need to enable JavaScript to visit this website.

പിണറായിയുടെ പ്രഖ്യാപനം, നടപ്പാക്കാതെ  കബളിപ്പിച്ച അതേ ശൈലി -ചെന്നിത്തല 

തിരുവനന്തപുരം- ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നൂറുദിന പരിപാടികൾ പ്രഖ്യാപിച്ച് നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിച്ച അതേ ശൈലി തന്നെയാണ് രണ്ടാം പിണറായി സർക്കാരും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ സർക്കാരിന്റെ അവസാന വർഷം രണ്ടു തവണയായി രണ്ടു നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ഓണ സമ്മാനമായും ഡിസംബറിൽ ക്രിസ്തുമസ് സമ്മാനമായുമാണ് രണ്ട് നൂറു ദിന പദ്ധതികൾ പ്രഖ്യാപിച്ചത്. പുതുവർഷത്തിൽ പത്തിന പദ്ധതികൾ ഇതിന് പുറമെയും പ്രഖ്യാപിച്ചു. അവയൊന്നും നടപ്പാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ഇപ്പോൾ പ്രഖ്യാപിച്ച നൂറു ദിന പദ്ധതികളും കബളിപ്പിക്കാനുള്ളവയാണ്. മാത്രമല്ല പലതും നടപ്പാവാതെ പോയ പഴയ പദ്ധതികളുടെ ആവർത്തനവുമാണ്. നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട 11 സ്ഥാപനങ്ങളിൽ നൂറു ദിവസങ്ങൾക്കുള്ളിൽ ചട്ടം രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഗസ്റ്റിൽ പ്രഖ്യാപിച്ചിട്ട് അത് ചെയ്തില്ല. പിൻവാതിൽ നിയമനങ്ങൾ നടത്തിയ സർക്കാരിന് ഈ നൂറു ദിന പരിപാടിയിലും പറഞ്ഞത്തന്നെ ആവർത്തിക്കാൻ ഒരു നാണക്കേടുമില്ല.

അഞ്ചു ലക്ഷം കുട്ടികൾക്ക് വിദ്യാശ്രീ പദ്ധതിപ്രകാരം നൂറ് ദിവസത്തിനകം ലാപ്ടോപ് നൽകുമെന്നായിരുന്നു കഴിഞ്ഞ ആഗസ്റ്റിലെ പ്രഖ്യാപനം. അത് നടന്നില്ല. എന്നിട്ടാണ് അരലക്ഷം കുട്ടികൾക്ക് വിദ്യാശ്രീ പദ്ധതി പ്രകാരം ലാപ് ടോപ്പ് കൊടുക്കുമെന്ന് ഇപ്പോൾ വീണ്ടും നൂറുദിന പരിപാടിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ പ്രഖ്യാപനം നടപ്പാക്കാതെ എന്തിനാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്. 50,000 പേർക്ക് തൊഴിൽ നൽകുമെന്ന് കഴിഞ്ഞ ആഗസ്റ്റിലെ  നൂറുദിന പദ്ധതിയിലും 50000 പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ഡിസംബറിലെ രണ്ടാം നൂറുദിന പദ്ധതിയിലും പിണറായി വിജയൻ പ്രഖ്യാപിച്ചതാണ്. രണ്ടും നടന്നില്ല. കുടുംബശ്രീയിൽ നേരത്തെ ഉണ്ടായിരുന്ന തൊഴിലവസരങ്ങൾ ഇതിന്റെ കണക്കിൽ എഴുതി വച്ചു എന്നല്ലാതെ പുതുതായി ഒരൊറ്റ തൊഴിലവസരവും സൃഷ്ടിച്ചില്ല. ഇപ്പോഴാകട്ടെ 20 ലക്ഷം പേർക്ക് പുതിയ തൊഴിലവസരങ്ങൾക്കുള്ള രൂപരേഖ തയ്യാറാക്കുമെന്നും 77350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേതു പോലെ  ഇതും കബളിപ്പിക്കലാണ്. ഓരോ ദിവസവും ഓരോ കയർ യന്ത്രവത്കൃത ഫാക്ടറി തുടങ്ങുമെന്നും കശുവണ്ടി മേഖലയിൽ മൂവായിരം പേർക്ക് കൂടി തൊഴിൽ നൽകുമെന്നുമൊക്കെ ഒന്നാം നൂറുദിന പരിപാടിയിൽ പ്രഖ്യാപിച്ചതാണ്. അതൊന്നും നടപ്പാക്കാതെ കശുവണ്ടി മേഖലയിൽ 100 തൊഴിൽ ദിനങ്ങൾ കൂടി നടപ്പാക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിക്കാൻ സർക്കാരിന് ഒരു ഉളുപ്പും ഇല്ല-ചെന്നിത്തല പറഞ്ഞു.
 

Latest News