Sorry, you need to enable JavaScript to visit this website.

മോഡി സര്‍ക്കാരിന് വീണ്ടും അമേരിക്കയുടെ കൊട്ട്

വാഷിംഗ്ടണ്‍- ഇന്ത്യ കൈക്കൊള്ളുന്ന ചില നടപടികള്‍ ജനാധിപത്യത്തിനു നിരക്കുന്നതല്ലെന്ന് അമേരിക്കയുടെ വിമര്‍ശം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊള്ളുമ്പോഴാണ് അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങളില്‍ നിയന്ത്രണ നടപടികള്‍ തുടരുന്നതെന്ന് ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള ആക്ടിംഗ് അസി. സ്റ്റേറ്റ് സെക്രട്ടറി ഡീന്‍ തോംസണ്‍ പറഞ്ഞു. ഇന്ത്യ-പസഫിക് കാര്യങ്ങള്‍ക്കായുള്ള കോണ്‍ഗ്രസ് സമിതി മുമ്പാകെ വിശദീകരണം നല്‍കുകയായിരുന്നു അേേദ്ദഹം.
ശക്തമായ ക്രമസമാധാന പാലനവും സ്വതന്ത്ര ജുഡീഷ്യറി സംവിധാനവും നിലവിലുള്ള ഇന്ത്യ അമേരിക്കയുമായി തന്ത്രപ്രധാന പങ്കാളിത്തം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ചില നടപടികള്‍ ജനാധിപത്യമൂല്യങ്ങള്‍ ലംഘിക്കുന്നതാണെന്നും ജനാധിപത്യത്തില്‍ സ്ഥിരത തുടരാനാകുന്നില്ലെന്നും യു.എസ് അസി. സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും തടങ്കലിലാക്കി അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് തുടരുകയാണ്. ഇത്തരം പ്രശ്‌നങ്ങളെ അമേരിക്ക സ്ഥിരമായി ഉണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ ഹനിക്കുകയാണെന്ന വിദേശ സര്‍ക്കാരുകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ആരോപണങ്ങള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

 

Latest News