ന്യൂദൽഹി- അഞ്ച് സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുസ്ലീം ലീഗ് സമർപ്പിച്ച ഹരജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീഗിന് വേണ്ടി ഹാജരാകുന്നത്. നേരത്തെ സുപ്രീം കോടതി രജിസ്ട്രാർ വഴി ചീഫ് ജസ്റ്റീസിന് അഭിഭാഷകൻ ഹാരിസ് ബീരാൻ വഴി അപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. എന്നാൽ, പിന്നീട് ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടർന്ന് ഹരജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, പി. രാമസുബ്രഹ്മണ്യം എന്നിവരാണ് ഹരജി പരിഗണിക്കുക. സമാനമായ വിഷയത്തിൽ മറ്റു രണ്ടു ഹരജി കൂടി സുപ്രീം കോടതിക്ക് മുന്നിലെത്തിയെങ്കിലും ലീഗിന്റെത് മാത്രമാണ് പരിഗണിച്ചത്.
ആർക്കും പൗരത്വം നൽകുന്നതിന് ലീഗ് എതിരല്ലെന്നും എന്നാൽ മുസ്ലിം വിഭാഗങ്ങൾക്ക് മാത്രം പൗരത്വം നൽകില്ലെന്ന നിലപാട് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന് എതിരാണെന്നും ലീഗ് ഹരജിയിൽ വ്യക്തമാക്കി.