കൊച്ചി - കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചിയിൽ ഫ്ളാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ ജീവിതരീതി ദുരൂഹമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിയെ പിടിക്കുന്നതിനായുള്ള അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായും കമ്മീഷണർ സി. എച്ച് നാഗരാജു സമ്മതിച്ചു. എന്തുകൊണ്ടാണ് തുടക്കത്തിൽ അന്വേഷണം വൈകാൻ കാരണമായതെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചുവെന്നും കമ്മീഷണർ പറഞ്ഞു. ഭാവിയിൽ ഇത്തരം വൈകൽ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കും. പുറത്തു പറയാത്ത സമാനമായ രീതിയിലുള്ള മറ്റു സംഭവങ്ങൾ ഉണ്ടോയെന്ന് പോലീസ് പരിശോധിക്കും. ഇതിനായി എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും നിർദ്ദേശം നൽകും.
അത്തരത്തിൽ കേസുകൾ ഉണ്ടെങ്കിൽ ഉടൻ തന്നെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. തുടക്കത്തിൽ തന്നെ കേസിൽ നിയമപരമായി ചെയ്യേണ്ടിയിരുന്നതെല്ലാം പോലീസ് ചെയ്തിരുന്നു. അതിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് പുറത്തുവന്ന ഇരയായ യുവതി പോലീസിൽ പരാതി നൽകാൻ തുടക്കത്തിൽ താൽപ്പര്യപ്പെട്ടിരുന്നില്ല. ഇതിനു കാരണം പ്രതിയെ അവർ വലിയ രീതിയിൽ ഭയപ്പെട്ടിരുന്നതിനാലാണെന്നും കമ്മീഷണർ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറപ്പെടുവിക്കുകയും എല്ലാ വിമാനത്താവളങ്ങളിലും വിവരം നൽകുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ഇയാൾ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പോലീസ് കോടതിയെ കാര്യം ബോധ്യപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടതോടെയാണ് യുവതി നേരിട്ടത് അതിക്രൂരമായ പീഡനമാണ് നേരിട്ടതെന്ന് ബോധ്യപ്പെട്ടത്. തുടർന്ന് ഏതു വിധേനയും പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമത്തിലായിരുന്ന പോലീസ്. ഇതിനൊടുവിലാണ് ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കന്നത്. മൂന്നു ദിവസം നീണ്ടു നിന്ന അധ്വാനത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
പ്രതി മാർട്ടിൻ ജോസഫിന്റെ ജീവിതരീതിയിൽ തന്നെ വലിയ നിഗൂഢതയുണ്ടെന്നും കമ്മീഷണർ പറഞ്ഞു. പീഡനം മാത്രമല്ലയെന്നും കമ്മീഷണർ പറഞ്ഞു. നിലവിലെ കേസിൽ 420-ാം വകുപ്പു കൂടി ചുമത്തിയിട്ടുണ്ട്. പ്രതി മാർട്ടിന് ഇരയായ യുവതി അഞ്ചു ലക്ഷം രൂപ നൽകിയിട്ടുണ്ട്. മാസം 40,000 രൂപ വീതം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലാണ് ഇയാൾ യുവതിയിൽനിന്നും പണം വാങ്ങിയിരിക്കുന്നത്. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനാണെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാൽ ഷെയർ മാർക്കറ്റിൽ നിന്നും മാസം ഇത്രയധികം വരുമാനം ലഭിക്കില്ലെന്നും കമ്മീഷണർ പറഞ്ഞു. ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റിന്റെ വാടക 43,000 രൂപയായിരുന്നു. ഇത്രയുമൊക്കെ വരുമാനം ലഭിക്കാൻ തക്ക ജോലിയായിരുന്നോ ഇയാൾക്കെന്നതു സംബന്ധിച്ചെല്ലാം പോലീസ് വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു. 19- 20 വയസുമുതൽ തന്നെ ഇയാൾക്ക് അക്രമസ്വഭാവം ഉണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതെല്ലാം സംബന്ധിച്ച് അന്വേഷണം നടത്തും.
ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ വ്യക്തമായ തെളിവുകൾ പോലീസിന്റെ പക്കൽ ഉണ്ട്. ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടി കൂടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തുവെന്നും കമ്മീഷണർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് പിടിയിലായ പ്രതിയെ പുലർച്ചെയാണ് കൊച്ചിയിൽ എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.