ലണ്ടന്‍- കോവിഡ് മൂലം ലോകവും ജനങ്ങളും നട്ടം തിരിയുമ്പോള്‍ അമ്മയ്ക്ക് അപൂര്‍വമായ ജന്മദിന സമ്മാനം നല്‍കി ഒരു മകള്‍. അമ്മയുടെ നാല്പത്തിയഞ്ചാം ജന്മദിനത്തില്‍ മകള്‍ സമ്മാനിച്ച ബര്‍ത്ത്‌ഡേ കാര്‍ഡിനൊപ്പം വെച്ചിരുന്ന നാഷണല്‍ ലോട്ടറി ടിക്കറ്റ് വിജയിച്ചതോടെ ഒരു വര്‍ഷത്തേക്ക് മാസം 10,000 പൗണ്ട് വച്ച് ഈ അമ്മക്കു കിട്ടുകയാണ്. ഈ ദുരിത കാലത്തു ഇത്തരമൊരു ഭാഗ്യം വേറെ ആര്‍ക്കുണ്ട്?
നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍, ബ്രെന്റില്‍ നിന്നുള്ള ഷെറില്‍ ക്രൗളിക്കാണ് മകള്‍ 27കാരി ജെയ്ഡ് മെയ് 7ന് 45-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ കാര്‍ഡ് സമ്മാനിച്ചത്. മൂന്ന് മക്കളുടെ അമ്മയായ ജെയ്ഡ് സെറ്റ് ഫോര്‍ ലൈഫ് ലക്കി ഡിപ്പ് ടിക്കറ്റുകളാണ് അമ്മയ്ക്ക് സമ്മാനിച്ചത്. സ്‌നേഹത്തില്‍ പൊതിഞ്ഞ ആ സമ്മാന ടിക്കറ്റിലാണ് വമ്പന്‍ സമ്മാനം അമ്മയെ തേടിയെത്തിയത്. പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ക്രൗളിയ്ക്ക് താന്‍ ഇത്ര വലിയ സമ്മാനം നേടിയെന്ന് ആദ്യം വിശ്വസിക്കാനായില്ല. അതിനാല്‍ നമ്പറുകള്‍ പല തവണ ഒത്തുനോക്കി.
'കുടുംബം ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. ഒരു പ്രിയപ്പെട്ട കുടുംബാംഗം കോവിഡ് ബാധിച്ച് മരിച്ചു. അര്‍ഹമായ അന്ത്യയാത്ര ഒരുക്കാന്‍ എല്ലാവരും ചേര്‍ന്നാണ് പണം കണ്ടെത്തിയത്. ഒടുവില്‍ ആഘോഷിക്കാന്‍ ഒരു കാരണം ലഭിച്ചിരിക്കുന്നു', ക്രൗളി പറഞ്ഞു. ക്രൗളിയുടെ പിതാവിനോടാണ് ഈ വിജയത്തില്‍ കുടുംബം നന്ദി പറയുന്നത്. ഒരു ദിവസം വലിയൊരു ലോട്ടറി വിജയിക്കുമെന്ന് പിതാവ് എപ്പോഴും പറഞ്ഞിരുന്നു. 15 വര്‍ഷമായി പ്രൈമറി സ്‌കൂള്‍ അധ്യാപികയാണെങ്കിലും പ്രായമായ ബന്ധുക്കളെ പരിചരിക്കാന്‍ സമയം കണ്ടെത്തുന്ന അമ്മയ്ക്ക് ഇതിനുള്ള അര്‍ഹതയുണ്ടെന്ന് ജെയ്ഡ് പ്രതികരിച്ചു. സ്വപ്നനേട്ടത്തിന് പിന്നാലെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടാനുള്ള ഒരുക്കത്തിലാണ് ക്രൗളി. കഴിഞ്ഞ 18 മാസം നമ്മളെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, ഒന്നും വെറുതെ കിട്ടുന്നതാണെന്ന് വിചാരിക്കാതെ ഓരോ നിമിഷവും ജീവിക്കുകയാണ് വേണ്ടത് എന്ന് ക്രൗളി പറഞ്ഞു.