Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താജ്മഹലിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തുന്നു

ആഗ്ര- ലോകാത്ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹൽ സന്ദർശിക്കാനെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (എ.എസ്.ഐ) നീക്കം. ഒരു ദിവസം പരമാവധി 30,000 സന്ദർശകരെ അനുവദിച്ചാൽ മതിയെന്ന നിലപാടിലാണ് എഎസ്‌ഐ. ശവകുടീരം സ്ഥിതി ചെയ്യുന്ന താജ്മഹലിനുള്ളിലേക്ക് പ്രവേശിക്കാൻ പ്രത്യേക ടിക്കറ്റും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സീറോ ചാർജ് ടിക്കറ്റും ഏർപ്പെടുത്തും. സന്ദർശകരുടെ എണ്ണം തിട്ടപ്പെടുത്താനും നിയന്ത്രിക്കാനുമാണിത്. ശവകുടീരത്തിനകത്തേക്കുള്ള ടിക്കറ്റ് താജ്മഹൽ കോംപൗണ്ടിലേക്കുള്ള പ്രവേശന ടിക്കറ്റിനൊപ്പം വാങ്ങേണ്ടി വരും. 

റെയിൽവെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിന്റെ മാതൃകയിലാണ് താജ്മഹലിലും പ്രവേശന ടിക്കറ്റ നൽകുക. ഓൺലൈനായി ബുക്ക് ചെയ്താലും നേരിട്ട് കൗണ്ടറിൽ നിന്ന് വാങ്ങുകയാണെങ്കിലും 30,000 ടിക്കറ്റുകൾ നൽകിക്കഴിയുന്നതോടെ വിതരണം അവസാനിക്കും. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഉദ്യോഗസ്ഥരും എ.എസ്.ഐ ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേർന്ന് ഈ മാറ്റം തത്വത്തിൽ അംഗീകരിച്ചു. ഇതു സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ ഇന്ന് ആഗ്രയിൽ പ്രഖ്യാപിക്കും. 

നിലവിൽ താജ്മഹൽ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ യാതൊരു നിയന്ത്രണവും ഇല്ല. തിരക്കേറിയ സീസണുകളിൽ പലപ്പോഴും സന്ദർശകരുടെ എണ്ണം 60,000 മുതൽ 70,000 വരെ ഉയരാറുണ്ട്. ഇത് താജ്മഹലിന്റെ അടിത്തറയെ ദോഷകരമായി ബാധിക്കുമെന്ന് എ.എസ്.ഐ പറയുന്നു. 

15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റില്ലാതെ ഇപ്പോൾ പ്രവേശിക്കാം. എന്നാൽ കുട്ടികളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനാണ് സീറോ ചാർജ് ടിക്കറ്റെന്ന പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ബാർകോഡുള്ള ഈ ടിക്കറ്റുകൾ പ്രവേശന സമയത്തും പുറത്തേക്കു പോകുമ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കും.
 

Latest News