മലപ്പുറം- മുസ്ലീം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്റെ വിദ്യാർഥിനികൾക്കുള്ള പോഷക സംഘടനയായ ഹരിതയുടെ ജില്ലാ കമ്മിറ്റി സംബന്ധിച്ച് വിവാദം. സംസ്ഥാന കമ്മിറ്റിയുടെ സമ്മതമില്ലാതെ പുനസംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നിയും ജനറൽ സെക്രട്ടറി നജ്മ തബ്ഷീറയും പ്രസ്താവനയിലൂടെ അറിയിച്ചു.
2018 ജൂലൈയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയാണ് ഹരിതയുടെ ഔദ്യോഗിക മലപ്പുറം ജില്ലാ വിഭാഗമെന്ന് സംസ്ഥാന കമ്മറ്റി. എം.എസ്.എഫിന്റെ പ്രായപരിധി കഴിഞ്ഞവരാണ് ഹരിതയുടെതെന്ന പേരിലുള്ള മലപ്പുറം ജില്ലാ കമ്മറ്റിയെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ഇന്നലെ വൈകുന്നേരമാണ് ഓൺലൈൻ വഴി യോഗം വിളിച്ച് അഡ്വ. കെ. തൊഹാനി പ്രസിഡന്റും എം.പി. സിഫ്‌വ ജനറൽ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായി ഹരിത മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ എം.എസ്.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചവരാണ് ഹരിത ജില്ലാ കമ്മിറ്റി ഭാരവാഹിത്വത്തിലേക്ക് എത്തിയതെന്നും ആരോപണമുണ്ട്. ജില്ലാ പ്രസിഡന്റായി എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച അഡ്വ. തൊഹാനി കോഴിക്കോട് ലോകോളേജിൽ കെ.എസ്.യു പ്രവർത്തകയായിരുന്നു. പുതിയ ഭാരവാഹികളിൽ അംഗമായ ഷനു ഫർസാന കമ്മറ്റിയിൽ ഉൾപ്പെടുത്തിയത് തന്റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഫെയ്്‌സ്ബുക്കിലൂടെ രംഗത്തെത്തി.