റിയാദ്- അന്ധത ഇല്ലാതാക്കി നിരവധി മനുഷ്യരെ വെളിച്ചത്തിന്റെ ലോകത്ത് എത്തിക്കാൻ സംയുക്ത കാമ്പയിന് കരാറായി. കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്ററും അൽബസർ ഇന്റർനാഷണൽ ഫൗണ്ടേഷനുമാണ് ഇതുസംബന്ധമായ കരാറിൽ ഒപ്പുവെച്ചത്. പദ്ധതി പ്രകാരം ഒന്നര ലക്ഷം പേരെ വെളിച്ചത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്.പി.എ റിപ്പോർട്ട് ചെയ്തു.
കിംഗ് സൽമാൻ റിലീഫ് സെന്റർ അസിസ്റ്റന്റ് ജനറൽ സൂപ്പർ വൈസർ ഡോ. അഖീൽ ബിൻ ജമാൻ അൽഗാംദി, അൽബസർ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. ആദിൽ ബിൻ അബ്ദുൽ അസീസ് അൽറശൂദ് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. റിയാദിലെ കിംഗ് സൽമാൻ റിലീഫ് സെന്റർ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പദ്ധതി പ്രകാരം സൗദി ഡോക്ടർമാർ യെമൻ, സുഡാൻ, പാക്കിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ 12,000 ശസ്ത്രക്രിയകൾ നടത്തുമെന്ന് ഡോ. അഖീൽ പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും പദ്ധതിയിൽ ഭാഗഭാക്കാകും.