ന്യൂദൽഹി- അഞ്ചു വയസിന് താഴെയുളള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. പതിനെട്ട് വയസിന് താഴെയുള്ളവർക്ക് റെംഡിസിവർ നൽകരുതെന്നും ഡിജിഎച്ച്എസിന്റെ മാർഗനിർദേശത്തിൽ പറയുന്നു. ആറു വയസിനും പതിനൊന്നു വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെയോ ഡോക്ടറുടെയോ മേൽനോട്ടത്തിൽ മാസ്‌ക് ധരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ മുതിർന്നവരെപ്പോലെ മാസ്‌ക് ധരിക്കണം. മാസ്‌ക് ധരിക്കുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ചോ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണമെന്നും നിർദേശത്തിലുണ്ട്.
നിലവിൽ കോവിഡ് പ്രതിരോധത്തിനായി പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. കൈക്കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. എന്നാൽ ഇക്കാര്യത്തിലാണ് കേന്ദ്രസർക്കാർ കൂടുതൽ ഇളവിന് തയ്യാറായിട്ടുള്ളത്. കൂടാതെ 18 വയസിനു താഴെ പ്രായമുള്ളവർക്ക് കൊവിഡ് 19 ചികിത്സയ്ക്കായി റെംഡിസിവിർ മരുന്ന് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ഇതിനു പകരമായി എച്ച്ആർസിടി പരിശോധന അഥവാ ഹൈ റെസല്യൂഷൻ സിടി സ്‌കാൻ ആണ് കുട്ടികൾക്കായി നിർദേശിച്ചിട്ടുള്ളതെന്നും ഡിജിഎച്ച്എസ് വ്യക്തമാക്കുന്നത്. കോവിഡിന്റെ ഭാഗമായി പനിയുണ്ടായാൽ കുട്ടികൾക്ക് തൂക്കത്തിന് ആനുപാതികമായ അളവിൽ പാരസെറ്റമോൾ ഗുളികകൾ അടക്കമുള്ള മരുന്നുകളാണ് ശുപാർശ ചെയ്തിട്ടുള്ളത്.
ഒരു കിലോ തൂക്കത്തിന് പത്തു മുതൽ 15 മില്ലിഗ്രാം എന്ന തോതിൽ ദിവസേന നാലു മുതൽ ആറു തവണ വരെ കുട്ടികൾക്ക് പാരസെറ്റമോൾ നൽകാമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. കൂടാതെ കഫക്കെട്ടിന് ഉപ്പുവെള്ളം വായിൽക്കൊള്ളുന്നത് ഉൾപ്പെടെയുള്ള ലഘുചികിത്സകളാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിർദേശിച്ചിട്ടുള്ളത്.
ഡോക്ടറുടെ അനുമതിയില്ലാതെ സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് കേസുകളിൽ സ്റ്റിറോയിഡ് ഉപയോഗിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മാത്രമേ സ്റ്റിറോയിഡുകൾ നൽകാൻ പാടുള്ളൂ. സാരമായ രോഗലക്ഷണങ്ങൾ ഉള്ളവർക്ക് രോഗം ഗുരുതരമായാൽ കോർട്ടിസ്റ്റിറോയിഡുകളും ഉപയോഗിക്കാം. കുട്ടികൾക്ക് ഉപയോഗിക്കാനുള്ള മറ്റു മരുന്നകുളുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
കുട്ടികൾക്ക് കോവിഡ് പരിശോധിക്കാനായി എച്ച്ആർസിടി സ്‌കാനിംഗ് ഉപയോഗിക്കുമ്പോൾ ഡോക്ടർമാർ ജാഗ്രത കാണിക്കണമെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പരിഗണിച്ചു മാത്രമേ ഇതു നിർദേശിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു. കുട്ടികളുടെ ശരീരത്തിലെ ഓക്‌സിജൻ നില പരിശോധിക്കാൻ ആറ് മിനിട്ട് നടപ്പ് പരിശോധനയും നിർദേശിക്കുന്നു.