ഗുവാഹത്തി- കുടിയേറ്റ മുസ്‌ലിംകള്‍ കുടുംബാസൂത്രണം നടത്തി ജനസംഖ്യ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മുസ്‌ലിംകള്‍ ജനസംഖ്യ നിയന്ത്രിച്ചാല്‍ ഭൂമി കയ്യേറ്റം പോലുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അസമിലെ സെന്‍ട്രല്‍, ലോവര്‍ മേഖലകളിലെ ബംഗ്ലദേശ് വംശജരായ മുസ്‌ലിംകളെയാണ് കുടിയേറ്റ മുസ്‌ലിംകളെന്ന് വിളിക്കുന്നത്. നിയമസഭയില്‍ ജനസംഖ്യാ നയം നിയമമാക്കി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രത്യേകമായി മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജനസംഖ്യാ ഭാരം കുറക്കാന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ദാരിദ്ര്യം, ഭൂമി കയ്യേറ്റം തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളുടെയെല്ലാം വേര് കിടക്കുന്നത് ജനസംഖ്യാ വിസ്‌ഫോടനത്തിലാണ്- മുഖ്യമന്ത്രി പറഞ്ഞു.
ഈ പ്രശ്‌നം പരിഹരിക്കാന്‍ ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ്, ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ അടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വനം, ക്ഷേത്ര ഭൂമി, സതാറ (അസമിലെ വൈഷ്ണവ മഠങ്ങള്‍) എന്നീ ഭുമികള്‍ കയ്യേറാന്‍ ഒരിക്കലും അനുവദിക്കില്ല. ജനസംഖ്യാ വിസ്‌ഫോടനം നടന്നാല്‍ ഒരു നാള്‍ കാമഖ്യ ക്ഷേത്ര ഭൂമി വരെ കയ്യേറാം. എന്റെ വീടും പോയേക്കും- മുഖ്യമന്ത്രി പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ വിഷയം ഈ വിഭാഗത്തിനെതിരായ പ്രചരണമായിരുന്നു. ഇവരില്‍ നിന്നും അസമി തദ്ദേശീയരെ സംരക്ഷിക്കണമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. 3.12 കോടി ജനസംഖ്യയുള്ള അസമില്‍ ജനസംഖ്യയുടെ 31 ശതമാനവും കുടിയേറ്റ മുസ്‌ലിംകളാണ്. 126 നിയമസഭാ മണ്ഡലങ്ങളില്‍ 35 മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമുള്ളവരാണ് ഈ വിഭാഗം.
അസമില്‍ രണ്ടു തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഹിമന്ത ബിശ്വ ശര്‍മ 2015ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ അസമില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നണിയുടെ തന്ത്രജ്ഞനായി ദേശീയ ശ്രദ്ധനേടി. 2021ല്‍ അസമില്‍ വീണ്ടും ബിജെപി അധികാരത്തിയതോടെ മുഖ്യമന്ത്രി പദവിയിലുമെത്തി.