ന്യൂദൽഹി- യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ബി.ജെ.പിയിൽ തന്നെ കലഹം ഉടലെടുത്തുവെന്ന വാർത്തക്കിടെ യോഗി ദൽഹിയിലെത്തി ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ തുടങ്ങിയ നേതാക്കളുമായാണ് യോഗിയുടെ ചർച്ച. ബി.ജെ.പിയുടെ പാളയത്തിൽതന്നെ പട തുടങ്ങിയ ശേഷം ഇതാദ്യമാണ് യോഗി ആദിത്യനാഥ് ബി.ജെ.പി നേതാക്കളെ സന്ദർശിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനമാണ് യോഗി ദൽഹിയിൽ നടത്തുന്നത്. അമിത് ഷായുമായി ഇന്ന് ഉച്ചക്ക് യോഗി കൂടിക്കാഴ്ച നടത്തി. മോഡിയെയും നദ്ദയെയും നാളെ കാണും. യു.പിയിൽ പ്രമുഖ കോൺഗ്രസ് നേതാവ് ജിഥിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നതിന്റെ പിറ്റേ ദിവസമാണ് യോഗി ദൽഹിയിൽ എത്തിയത് എന്നതും ശ്രദ്ധേയമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കേ യോഗി ആദിത്യനാഥിന് എതിരെ ബി.ജെ.പിക്കുള്ളിലും വൻ എതിർപ്പുണ്ട്.