സാന്‍സാല്‍വഡോര്‍ - ബിറ്റ്കോയിന് കറന്‍സിയുടെ അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി എല്‍സാല്‍വഡോര്‍. സ്വന്തം കറന്‍സിയില്ലാത്ത രാജ്യമാണ് എല്‍സാല്‍വഡോര്‍. യു.എസ് ഡോളറിലായിരുന്നു അവിടെ വിനിമയം നടന്നിരുന്നത്. യു.എസ് ഡോളറിനുള്ള അംഗീകാരം നിലനിര്‍ത്തിക്കൊണ്ടാണ് പ്രസിഡന്റ് നായിബ് ബുകേലെ ബിറ്റ്കോയിനെയും കറന്‍സിയായി പ്രഖ്യാപിച്ചത്.
ക്രിപ്റ്റൊകറന്‍സിയെ അംഗീകരിക്കുന്നതോടെ വിദേശത്തുനിന്ന് പണമയക്കാന്‍ കൂടുതല്‍ സൗകര്യമാവുമെന്നാണ് കണക്കുകൂട്ടല്‍. എല്‍സാല്‍വഡോറിന്റെ സാമ്പത്തിക ഘടന നിലനില്‍ക്കുന്നത് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ ഒഴുക്കനുസരിച്ചാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ചിലൊന്ന് വരും അത്. ഡിജിറ്റല്‍ കറന്‍സി നാട്ടിലേക്കയക്കാന്‍ സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടനില ആവശ്യമില്ല. എല്‍സാല്‍വഡോറിലെ 70 ശതമാനം പേര്‍ക്കും പരമ്പരാഗത സാമ്പത്തിക സേവനങ്ങള്‍ അപ്രാപ്യമാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.