ലഖ്‌നൗ- കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കുറ്റവാളിയുടെ മകനെ പോലീസ് കോണ്‍സ്റ്റബിള്‍ വെടിവച്ചു കൊന്നു. കുറ്റവാളിയായ ധ്രുവ് കുമാറിനെ കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹത്തിന്റെ കാവലിനായി ആശുപത്രയില്‍ നിയോഗിച്ച് കോണ്‍സ്റ്റബിളാണ് നാടന്‍ തോക്ക് ഉപയോഗിച്ച് ധ്രുവ് കുമാറിന്റെ മകന്‍ പ്രവീണ്‍ സിങിനെ (34) വെടിവച്ചു കൊന്നത്. ബുധനാഴ്ച വൈകീട്ട് ആശുപത്രിയുടെ ഗേറ്റിനു സമീപത്താണ് സംഭവം നടന്നത്. വെടിവച്ച പോലീസ് കോണ്‍സ്റ്റബിള്‍ ആശിഷ് മിശ്ര തൊട്ടടുത്ത സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ ഉപയോഗിച്ചത് നിയമവിരുദ്ധമായ നാടന്‍ തോക്കാണെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട പ്രവീണുമായി വാഗ്വാദമുണ്ടാകുകയും അത് കയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം തന്നെ വകവരുത്തുമോ എന്ന ഭീതി മൂലമാണ് പ്രവീണിനെ വെടിവച്ചു കൊന്നതെന്നാണ് ആശിഷിന്റെ മൊഴി. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കുടുംബപരമായ പ്രശ്‌നങ്ങള്‍ കാരണം മിശ്രയ്ക്കു മാനസിക പ്രശ്‌നം ഉള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ആശിഷ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയാണോ എന്നും പോലീസ് സംശയിക്കുന്നു.
1997ല്‍ നടന്ന കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് പ്രവീണിന്റെ അച്ഛന്‍ ധ്രുവ് കുമാര്‍. കാന്‍സര്‍ ചികിത്സയ്ക്കായി ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ധ്രുവ് കുമാറിന്റെ സുരക്ഷയ്ക്കായി മേയ് 25 മുതലാണ് പോലീസ് കോണ്‍സ്റ്റബിളായ ആശിഷ് മിശ്രയെ നിയോഗിച്ചത്. ബുധനാഴ്ച വെടിവപ്പ് നടക്കുന്നതിനു മുമ്പ് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടായത് കണ്ടവരായി ആരുമില്ലെന്നും പോലീസ് പറയുന്നു.
2017ല്‍ പോലീസ് സേനയില്‍ ചേര്‍ന്ന ആശിഷ് മിശ്രയ്ക്ക് കുടുംബപരമായി പ്രശ്‌നങ്ങളുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. രണ്ടു മാസം മുമ്പാണ് ആശിഷ് വിവാഹിതനായത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. ആശിഷിന്റെ മാനസിക നില ശരിയല്ലെന്നും ആത്മഹത്യാ പ്രവണ കാണിക്കുന്നതായും ആശിഷിന്റെ സഹോദരി ഈയിടെ പോലീസിന് വിവരംനല്‍കിയിരുന്നതായും പോലീസ് വൃത്തങ്ങള്‍ പറയുന്നു.