ചെന്നൈ-ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം അയച്ച് ലൈംഗികച്ചുവയോടെ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് നടപടി. കില്‍പ്പോക്ക് വിദ്യാമന്ദിര്‍ സ്‌കൂളിലെ സയന്‍സ് അധ്യപകന്‍ ജെ ആനന്ദാണ് പോക്‌സോ വകുപ്പുകളില്‍ അറസ്റ്റിലായത്.
തോര്‍ത്തമുണ്ട് മാത്രമുടുത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കൊമേഴ്‌സ് അധ്യാപകന്‍ ക്ലാസ് എടുത്തതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് പുതിയ സംഭവം. കില്‍പ്പോക്ക് മഹിര്‍ഷി വിദ്യാമന്ദിര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സയന്‍സ് അധ്യാപകന്‍ ജെ ആനന്ദിനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പരാതി പങ്കുവച്ചത്. ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയക്കുകയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.
പിന്നാലെ അധ്യാപകന്‍ ആനന്ദിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയ്ക്കു ക്ഷണിച്ചതിന്റേയും ശരീര വര്‍ണ്ണന നടത്തി സന്ദേശം അയച്ചതിന്റേയും സ്‌ക്രീന്‍ ഷോട്ടുകള്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കുവച്ചു. ഇതോടെ തമിഴ്‌നാട് വനിതാ ശിശുസംരക്ഷണ വകുപ്പ് സ്വമേധയാ കേസ് എടുത്തു. കില്‍പ്പോക്ക് വിദ്യാ മന്ദിര്‍ സ്‌കൂളിലെത്തി പോാലീസ് പരിശോധന നടത്തി. ചെന്നൈയിലെ വീട്ടില്‍ നിന്ന് അധ്യാപകനെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പ് ബാലഭവന്‍ സ്‌കൂളില്‍ തോര്‍ത്തുമുണ്ടുടുത്ത് ഓണ്‍ലൈന്‍ ക്ലാസ് എടുത്ത കൊമേഴ്‌സ് അധ്യാപകന്‍ രാജഗോപാലിനെിരെ ചെന്നൈ പോലീസ് കേസ് എടുത്തിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം സമാന പരാതിയുമായി രംഗത്തെത്തിയതോടെ ഈ അധ്യാപകനെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്.