ഗൂഡല്ലൂര്‍- കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ യുവതിയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ വിട്ടുകൊടുത്തതായി കേസ്. ഗൂഡല്ലൂരിലാണ് സംഭവം നടന്നത്. യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത രണ്ട് പേരെയും യുവതിയുടെ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ എല്‍ആര്‍ പാളയം സ്വദേശിയും ഇരയായ 21കാരിയും തമ്മിലുള്ള വിവാഹം 2018ലായിരുന്നു കഴിഞ്ഞത്. മദ്യപാനിയായ ഭര്‍ത്താവിന് കോവിഡ് 19 ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം കൃത്യമായി ജോലിയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. കൈയ്യില്‍ പണമില്ലാതെ വന്നതോടെ സുന്ദരമൂര്‍ത്തി (25), മണികണ്ഠന്‍ (26) എന്നീ രണ്ട് സുഹൃത്തുക്കളില്‍ നിന്നായി ഇയാള്‍ പലപ്പോഴായി പണം വാങ്ങുകയായിരുന്നു. എന്നാല്‍ തിരിച്ചു കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ ഇയാള്‍ ഭാര്യയെ പീഡിപ്പിക്കാനായി വിട്ടുനല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യുവതിയ്ക്ക് മരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷമാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. വിറ്റാമിന്‍ ഗുളിക എന്ന പേരില്‍ ഭര്‍ത്താവ് യുവതിയ്ക്ക് ഒരു ഗുളിക നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബോധം നശിച്ച യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവാവ് കേസിലെ പ്രതിയും സുഹൃത്തുമായ സുന്ദരമൂര്‍ത്തിയെ വിളിക്കുകയായിരുന്നു. എന്നാല്‍ ബോധം വീണ്ടെടുത്ത യുവതി താന്‍ പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുകയായിരുന്നു.
പിന്നീട് മറ്റൊരു സന്ദര്‍ഭത്തിലും യുവതി പീഡനത്തിനിരയായി. സുഹൃത്തായ മണികണ്ഠനൊപ്പം യുവതിയുടെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചു വീട്ടിലെത്തിയിരുന്നു. ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഇയാളെ ഭര്‍ത്താവ് അനുവദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ യുവതി ഞെട്ടിയെഴുന്നേറ്റതോടെ മണികണ്ഠന്‍ ഓടിരക്ഷപെട്ടു. യുവതി ഭര്‍ത്താവിനെ വടി എടുത്ത് ആക്രമിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം രണ്ട് വയസ്സുള്ള മകനുമായി യുവതി മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് നിരന്തം വീട്ടിലെത്തുകയും യുവതിയോടു സുഹൃത്തുക്കളുമായി സഹകരിക്കാന്‍ ആവശ്യപ്പെടുകയുംചെയ്തിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. ഭര്‍ത്താവിന്റെയും സുഹൃത്തായ രണ്ട് പേരുടെയും പേരിലായിരുന്നു പരാതി.