കൊല്‍ക്കത്ത- ബിസിനസ് പ്രമുഖന്‍ നിഖില്‍ ജെയിനുമായി നേരത്തെ തന്നെ വേര്‍പിരിഞ്ഞതാണെന്നും വിവാഹ മോചനം നടത്തേണ്ട കാര്യമില്ലെന്നും നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ നുസ്രത്ത് ജഹാന്‍. മതംമാറിയുള്ള വിവാഹത്തിന് ഇന്ത്യയില്‍ സാധുത ലഭിക്കണമെങ്കില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം രജിസറ്റര്‍ ചെയ്യേണ്ടതുണ്ടെന്നും അതൊരിക്കലും നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു.
2019 ല്‍ തുര്‍ക്കിയില്‍ വെച്ചായിരുന്നു നിഖില്‍-നുസ്രത്ത് ജഹാന്‍ വിവാഹം. ലോക്‌സഭയിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റിസപ്ഷനില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തിരുന്നു.
നിഖിലുമായി നേരത്തെ തന്നെ വേര്‍പിരിഞ്ഞുവെന്നും അത് പറയാതിരുന്നത് സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണെന്നും നുസ്രത്ത് ജഹാന്‍ വിശദീകരിച്ചു.
തന്റെ ബാങ്ക് അക്കൗണ്ടുകള്‍ തെറ്റായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും നിഖിലിന്റെ പേരെടുത്ത് പറയാതെ നുസ്രത്ത് ജഹാന്‍ പറഞ്ഞു.