തൊടുപുഴ-ഉടുമ്പന്നൂർ മലയിഞ്ചിയിൽ നാടൻ തോക്കുമായി കാടുകയറിയ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റു. സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ.വെണ്ണിയാനി സ്വദേശികളായ തടിവെണ്ണിയാനി വീട്ടിൽ ടി.കെ. മനോജ്(30), പാച്ചുപതിക്കൽ സി.ബി. മുകേഷ്(32) എന്നിവർക്കാണ് ബുധനാഴ്ച പുലർച്ചെ നാലിന് പരിക്കേറ്റത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന വെണ്ണിയാനി തൈപ്ലാത്തോട്ടത്തിൽ അനി(30), കുരുവിപ്ലാക്കൽ മധു(40), വാദ്യങ്കാവിൽ രതീഷ്(30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തോക്കും പിടിച്ചെടുത്തു. ഇവർ നാല് ദിവസം മുമ്പ് കാട്ടിലേക്ക് പോയെന്നാണ് വിവരം.
നായാട്ടിന് വേണ്ടി കാട് കയറുന്നതിനിടെയാണ് സംഭവമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ തോക്കുപയോഗിച്ച് വെടിയുതിർത്ത് മീൻപിടിക്കാനാണ് വനത്തിൽ പോയതെന്നാണ് പോലീസിന് നൽകിയ മൊഴി. തിരികെ വരും വഴി തോക്ക് കൈയിൽ വെച്ചിരുന്നയാൾ തെന്നി വീണു. ഇതോടെ കൈയിലിരുന്ന തോക്ക് പൊട്ടി. അങ്ങനെയാണ് പരിക്കേറ്റതെന്നാണ് മനോജും മുകേഷും പറയുന്നത്. പരിക്കേറ്റവരെ മലയിഞ്ചിയിൽ എത്തിച്ച് ഒരു ജീപ്പിലാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോലഞ്ചേരിയിലേക്ക് മാറ്റി. തിരയുടെ ചീള് തെറിച്ച് ഇരുവർക്കും കഴുത്തിനും വയറിനുമാണ് പരിക്കേറ്റിരിക്കുന്നത്.
ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് അഞ്ച് പേർക്ക് എതിരെയും പോലീസ് കേസെടുത്തു. കരിമണ്ണൂർ സി.ഐ ഷിജി, എസ് ഐ ഷംസുദ്ദീൻ, സിപിഒ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാംഗങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.