തിരുവനന്തപുരം- ചാനൽ ചർച്ചയിൽ കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ പ്രകോപിപ്പിച്ച റിപ്പോർട്ടർ ചാനൽ മേധാവി എം.വി നികേഷ് കുമാറിനെതിരെ രൂക്ഷമായിപ്രതികരിച്ച് കെ. സുധാകരൻ.
നികേഷിന്റെ ചോദ്യം:
ജാത്യാലുള്ളത് തൂത്താൽ പോകുമോ എന്ന ചോദ്യമുള്ളത് പോലെ, താങ്കളുടെ മനസിൽ വരുന്ന കാര്യം ചെയ്യാതിരിക്കാൻ താങ്കൾക്ക് പറ്റുമോ, നാവിൽ വരുന്ന ഒരു കാര്യം പറയാതിരിക്കാൻ താങ്കൾക്ക് പറ്റുമോ.
നികേഷ് ചോദ്യം പൂർത്തിയാക്കുന്നതിന് മുമ്പു തന്നെ മറുപടിയുമായി സുധാകരൻ രംഗത്തെത്തി.
സുധാകരന്റെ മറുപടി: മിസ്റ്റർ നികേഷ് കുമാർ, നിങ്ങളെക്കാളൊക്കെ സഹിഷ്ണുതയും സമചിത്തതയുമുള്ള ആളാണ് ഞാൻ. അത് നിങ്ങൾക്ക് അറിയാമല്ലോ. സി.പി.എമ്മിന്റെ അക്രമത്തിൽനിന്ന് നിങ്ങളുടെ അച്ഛനെ രക്ഷിക്കാൻ ഞാൻ നിന്ന കാലം മുതൽ നിങ്ങൾക്കെന്നെ അറിയാമല്ലോ, അച്ഛനെ മറന്ന് നിങ്ങൾ കമ്യൂണിസത്തിലേക്ക് തിരിച്ചുപോയി. ഞാൻ ഇപ്പോഴും അച്ഛന്റെ രാഷ്ട്രീയത്തിൽ നിലകൊള്ളുന്നു. അച്ഛന്റെ കാഴ്ച്ചപ്പാടിനെ പിന്തുടരാൻ പറ്റാത്ത നിങ്ങൾ അത്തരം വിമർശനം ഒന്നും എന്റെ നേരെ ഉയർത്തേണ്ട. അതുമാറ്റിവെച്ചേക്കണം.
സുധാകരന്റെ രാഷ്ട്രീയം അധികകാലം മുന്നോട്ടുപോകില്ലെന്ന സി.പി.എം നേതാവ് എ.കെ ബാലന്റെ വിമർശനം എടുത്തുദ്ധരിച്ചതിനും സുധാകരന്റെ നാവിന്റെ ചൂട് നികേഷ് അറിഞ്ഞു. ബാലന്റെ വിമർശനം നികേഷ് എടുത്തു നടക്കുന്നത് ശരിയല്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി.