കണ്ണൂർ - ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ രോഗബാധിതനായി മരിച്ച പി.കെ.കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികം പാർട്ടി നേതൃത്വത്തിൽ ആചരിക്കാനുള്ള തീരുമാനം വിവാദമായ പശ്ചാത്തലത്തിൽ, മാധ്യമങ്ങൾക്കെതിരെ കടുത്ത വിമർശനവും അണികൾക്ക് വിശദീകരണവുമായി ജില്ലാ നേതൃത്വം.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജനാണ് രംഗത്തു വന്നത്. വെള്ളിയാഴ്ച പാനൂർ പാറാടാണ് കുഞ്ഞനന്തന്റെ ഒന്നാം ചരമ വാർഷികം ആചരിക്കുന്നത്.
വലതുപക്ഷ മാധ്യമങ്ങളുടെ ദുഷിച്ച മാനസികാവസ്ഥ തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് പി.കെ.കുഞ്ഞനന്തന്റെ ഒന്നാം ചരമവാർഷികം ആചരിക്കാൻ പാർട്ടി തീരുമാനിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. മരിച്ചവരെയെങ്കിലും വെറുതെ വിടണം. കുഞ്ഞനന്തൻ ആരെന്ന് അറിയില്ലെങ്കിൽ ജനങ്ങൾ പറഞ്ഞു തരും. എ.കെ.ജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണത്തോട് മല്ലടിച്ചപ്പോൾ, കാലൻ വന്നു വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന മുദ്രാവാക്യമുയർത്തി പ്രകടനം നടത്തിയ കോൺഗ്രസുകാരുടെ നാടാണിത്. ആ മാനസികാവസ്ഥയിൽ മാധ്യമങ്ങൾ എത്തരുത് -ജയരാജൻ പറഞ്ഞു.
അറിയപ്പെടുന്ന സി.പി.എം കാഡറായ കുഞ്ഞനന്തൻ, പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. കളളക്കേസിൽ കുടുക്കിയെന്നു വെച്ച് കുഞ്ഞനന്തൻ പാർട്ടിക്കാരൻ അല്ലാതാവുന്നില്ല. ജയിലിൽ പലവിധ രോഗപീഡകളാൽ വലഞ്ഞ അദ്ദേഹത്തിന് ചികിത്സക്കായി പരോൾ അനുവദിച്ചപ്പോഴും വിവാദമാക്കിയില്ലേ? അൽപമെങ്കിലും മനുഷ്യത്വം കാണിക്കണം. കുഞ്ഞനന്തൻ എന്ന മനുഷ്യനെ നിങ്ങൾ എന്തുകൊണ്ട് കാണുന്നില്ല. കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂർ പ്രദേശത്ത് പോയി അന്വേഷിച്ചാൽ കുഞ്ഞനന്തൻ ആരാണെന്ന് ജനങ്ങൾ പറഞ്ഞു തരുമെന്ന് ജയരാജൻ വ്യക്തമാക്കി.
സി.പി.എം പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ.കുഞ്ഞനന്തന്റെ ചരമവാർഷികം ആചരിക്കാൻ തീരുമാനിച്ചത് മാധ്യമങ്ങളിൽ വാർത്തയാവുകയും സമൂഹ മാധ്യമങ്ങൾ ഇത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിക്കുന്ന സമയത്താണ് ചരമവാർഷികാചരണം നടക്കുന്നത്. കൊലപാതക ഗൂഢാലോചനയിൽ ശിക്ഷിക്കപ്പെട്ടിട്ടും പാർട്ടി കുഞ്ഞനന്തനെ തള്ളിപ്പറഞ്ഞിരുന്നില്ല. മാത്രമല്ല, എൽ.ഡി.എഫ് ഭരണത്തിൽ ചികിത്സക്കായി ദീർഘകാല പരോൾ അനുവദിക്കുകയും ചെയ്തു. ഇത് വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി കുഞ്ഞനന്തന് വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു. പിണറായി ആദ്യമായി മുഖ്യമന്ത്രിയായ ശേഷം കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിച്ചപ്പോൾ തടവുകാരനായ കുഞ്ഞനന്തനെ അഭിവാദ്യം ചെയ്തത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. കുഞ്ഞനന്തന്റെ ശവസംസ്കാര ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആയിരക്കണക്കിനാളുകൾ പങ്കെടുത്തതും വിവാദമായിരുന്നു. ചന്ദ്രശേഖരൻ വധക്കേസിൽ പതിമൂന്നാം പ്രതിയാണ് പി.കെ.കുഞ്ഞനന്തൻ. ഈ കേസിന്റെ അന്വേഷണം ഇദ്ദേഹത്തിൽ അവസാനിക്കുകയും ചെയ്തു.
നാളെ സി.പി.എം പാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറാട് ലോക്കൽ കമ്മിറ്റി ഓഫീസിലാണ് ചരമവാർഷികാചരണം. പാറാട്ടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിൽ ഫോട്ടോ അനാഛാദനവും ഉൾപ്പെടെയുള്ള പരിപാടികളോടെയാണ് വാർഷികാചരണം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.